ജയ്സാൽമീർ : രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര അതിർത്തി പ്രദേശമായ ജയ്സാൽമീറിൽ ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തി. വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം ആരോപിച്ച് രണ്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (FCRA) രജിസ്ട്രേഷൻ ഇല്ലാത്ത ബെൽജിയൻ സംഘടനയിൽ നിന്ന് ജയ്സാൽമീർ സ്വദേശിയായ ദേവു റാം എന്നയാൾ വഴിവിട്ട രീതിയിൽ പണം കൈപ്പറ്റിയെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.
ദേവു റാമും സഹായി ഗ്യാൻ ചന്ദും ചേർന്ന് മൊത്തം 5.10 കോടി രൂപയാണ് ഇത്തരത്തിൽ കൈപ്പറ്റിയത്. വിദ്യാഭ്യാസ സേവനങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, കുടുംബ സംരക്ഷണം തുടങ്ങിയ വ്യാജ കാരണങ്ങൾ പറഞ്ഞാണ് ഈ തുക ബാങ്കുകളിൽ എത്തിച്ചത്. ജയ്സാൽമീറിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ മതപ്രചാരണത്തിനും പരിവർത്തനത്തിനുമാണ് ഈ ഫണ്ട് ഉപയോഗിച്ചതെന്ന് ഏജൻസി വ്യക്തമാക്കി.ബാങ്കുകൾ പണമിടപാടുകൾ തടഞ്ഞതിനെ തുടർന്ന് മറ്റ് വ്യക്തികളുടെ അക്കൗണ്ടുകൾ വഴി പണം എത്തിക്കാൻ ശ്രമം നടന്നിട്ടുണ്ട്.
ബ്രസൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘അമർ എഎസ്ബിഎൽ’ എന്ന ലാഭേതര സംഘടനയാണ് പ്രധാനമായും പണം നൽകിയത്. ജോസ് ഗോഫിനെറ്റ്, മകൻ സാലിയൻ ഗോഫിനെറ്റ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. വർഷത്തിൽ രണ്ടുമൂന്ന് ആഴ്ച ജയ്സാൽമീറിലെത്തുന്ന ഇവർ പ്രാദേശിക ജനങ്ങളെയും കുട്ടികളുടെ മാതാപിതാക്കളെയും കണ്ട് മതപരമായ കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നു.കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുവെന്ന് വരുത്തിതീർത്ത് ദേവു റാം ഈ ഫണ്ട് വ്യക്തിഗത ആവശ്യങ്ങൾക്കും മതപരിവർത്തന പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചു. ഔദ്യോഗിക കണക്കുകളോ രേഖകളോ സൂക്ഷിക്കാതെ അക്കൗണ്ടിൽ നിന്ന് 2.60 കോടി രൂപയോളം ഇയാൾ പണമായി പിൻവലിച്ചതായും ഇ ഡികണ്ടെത്തി.