മുംബൈ: ബോംബെ ഐ.ഐ.ടിയിൽ എനർജി സയൻസ് വിഭാഗം രണ്ടാം വർഷ വിദ്യാർഥി സാഹിൽ വാക്കോഡെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. തന്റെ മകൻ നേരിട്ടത് കടുത്ത ജാതി അധിക്ഷേപവും ക്രൂരമായ പീഡനവുമാണെന്ന് പിതാവ് രവീന്ദ്ര വാക്കോഡെ ആരോപിച്ചു.
സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം
മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അന്ത്യകർമ്മങ്ങൾ നടത്തുകയില്ലെന്നുമുള്ള ശക്തമായ നിലപാടിലായിരുന്നു സാഹിലിന്റെ മാതാപിതാക്കളായ രവീന്ദ്രയും സോണാലിയും.
രാജാവാടി ആശുപത്രിയിലെ പോസ്റ്റ്മോർട്ടം സെന്ററിന് മുന്നിൽ ഇവർ പ്രതിഷേധം അറിയിച്ചു. തുടർന്ന് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുമെന്ന് പൊലീസിന്റെ ഉയർന്ന ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്നാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയാറായത്.
ആരോപണങ്ങളും പരീക്ഷാ വിവാദവും
പരീക്ഷയ്ക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്നും ഉത്തരങ്ങൾ കണ്ടെത്താൻ എഐ പ്ലാറ്റ്‌ഫോം (ChatGPT) ഉപയോഗിച്ചുവെന്നും ആരോപിച്ചാണ് ഇൻവിജിലേറ്ററായിരുന്ന പ്രൊഫസർ സൂര്യനാരായണ ദൂള സാഹിലിനെ പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കിയത്.
തുടർന്ന് സസ്പെൻഡ് ചെയ്യുമെന്ന് പ്രൊഫസർ ഭീഷണിപ്പെടുത്തിയതായും, കഴിഞ്ഞ മൂന്ന് മാസമായി പ്രൊഫസർ തനിക്ക് നേരെ ജാതി അധിക്ഷേപങ്ങൾ നടത്തിയിരുന്നതായി സാഹിൽ തന്നോട് പറഞ്ഞിരുന്നതായും പിതാവ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സാഹിലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഐ.ഐ.ടി അധികൃതരുടെ വിശദീകരണം
സംഭവത്തെ തുടർന്ന് കാമ്പസിൽ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം അരങ്ങേറി. സാഹിലിനെതിരെ ഔദ്യോഗികമായി അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും, കുട്ടിക്ക് കൗൺസിലിങ് നൽകി ഈ സംഭവം അക്കാദമിക് കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു എന്നുമാണ് ബോംബെ ഐ.ഐ.ടി അധികൃതർ വിശദീകരിക്കുന്നത്.
സ്ഥാപനത്തിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നടന്നിട്ടില്ലെന്നും, വിദ്യാർഥികളുടെ ജാതി സംബന്ധമായ വിവരങ്ങൾ രഹസ്യമാണെന്നും ഫാക്കൽറ്റികൾക്ക് അത് ലഭ്യമാകില്ലെന്നും ഡയറക്ടർ ശിരീഷ് കേദാരെ വ്യക്തമാക്കി. ജാതിവിവേചനം ആരോപിച്ച് സാഹിലിന്റെ ഭാഗത്തുനിന്ന് യാതൊരു പരാതിയും എസ്‌സി/എസ്ടി സെല്ലിന് ലഭിച്ചിരുന്നില്ലെന്നും ഐ.ഐ.ടി അറിയിച്ചു.