• Tue. Nov 3rd, 2026

24×7 Live News

Apdin News

ഭക്തജന സഹസ്രങ്ങൾ മണ്ണാറശാല ആയില്യം തൊഴുതു

Byadmin

Nov 3, 2026


ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്ര കാവിനുള്ളിൽ തിങ്ങിനിറഞ്ഞ ഭക്തർക്ക് പു
ണ്യമായി ഇന്നലെ (നവംബർ 2) ആയില്യം എഴുന്നള്ളത്ത് ആഘോഷിച്ചു. നാഗരാജാവിന്റെ തങ്ക തിരുമുഖവും നാഗഫണവും കൈകളിലേന്തി വലിയമ്മ സാവിത്രി അന്തർജ്ജനം എഴുന്നള്ളിയപ്പോൾ വായ്‌ക്കുരവയാലും ശരണം വിളിയാലും കാവും പരിസരവും മുഖരിതമായി. ഇളയമ്മ സതി അന്തർജ്ജനം സർപ്പയക്ഷിയുടെ വിഗ്രഹവും എം.ജി. ജയകുമാർ നാഗയക്ഷിയുടെയും എം.കെ. കേശവൻ നമ്പൂതിരി നാഗചാമുണ്ഡിയുടെയും വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു.
ക്ഷേത്രക്കുളത്തിൽ കുളിച്ച് 1.10 ന് അമ്മ ഈറൻ കസവു വേഷ്ടിയുടുത്ത് ഓലക്കുട ചൂടി ക്ഷേത്രത്തിൽ പ്രവേശിച്ചു. 1.24 ന് ശംഖനാദത്തിനൊപ്പം .ക്ഷേത്ര മണികളും മുഴങ്ങി. പഞ്ചവാദ്യം, തകിൽ, നാദസ്വരം, തിമില, ഇടയ്‌ക്ക, ചെണ്ട മേളങ്ങളോടെ എഴുന്നള്ളത്ത് തുടങ്ങി. അമ്മയും ഇളയമ്മയും കാരണവന്മാരും വിഗ്രഹങ്ങളേന്തി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയ സമയം പുള്ളുവന്മാർ കുടംകൊട്ടിയും വീണമീട്ടിയും നാഗദൈവങ്ങളെ സ്തുതിച്ചുപാടി.
ഛത്ര, ചാമര, ധ്വജാകമ്പടിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തിനു വലംവെയ്‌ക്കുമ്പോൾ മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരവും നിരന്നു. ഏറ്റവും മുന്നിൽ പത്തംഗ സംഘം വള്ളപ്പാട്ടിൻ വായ്‌ത്താരിയുമായി നീങ്ങി. ക്ഷേത്രത്തിന് ഒരു വലംവെച്ച് എഴുന്നള്ളത്ത് ഇല്ലത്തേക്ക് നീങ്ങുമ്പോൾ മണൽപ്പാതയ്‌ക്ക് ഇരു വശവും ഭക്തർ തിങ്ങിനിറഞ്ഞു. 1.50 നാണ് എഴുന്നള്ളത്ത് ഇല്ലത്തെത്തിയത്.ഇല്ലനിലവറയ്‌ക്കു മുമ്പിലെ തളത്തിൽ നാഗപദ്മകളത്തിനു സമീപം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് അമ്മ പൂജ തുടങ്ങി. പതിവ് പൂജക്കു ശേഷം നാഗദൈവങ്ങൾക്ക് നൂറും പാലുമേകി. തുടർന്ന് ഗുരുതി കഴിച്ചു. രാവേറെ നീണ്ട പൂജകൾക്ക് ശേഷം അമ്മയുടെ അനുമതിയോടെ കാരണവർ ആകാശസർപ്പങ്ങൾക്കും പാതാളസർപ്പങ്ങൾക്കും നൂറുംപാലുമേകിയതോടെ ആയില്യമഹോത്സവത്തിനു സമാപ്തിയായി.

By admin