• Wed. Aug 19th, 2026

24×7 Live News

Apdin News

ഭയന്നോടാതെ, മികച്ചവരെങ്കില്‍ ഭരണകാലത്ത് നിര്‍മ്മിച്ച 10 സ്‌കൂളുകള്‍ കാണിക്കൂ; രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് സി.ജെ.പി

Byadmin

Aug 19, 2026


രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മോശം അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കടുക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക രംഗത്തെത്തി. തങ്ങളുടെ ഭരണകാലയളവില്‍ നിര്‍മിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമാക്കാന്‍ അദ്ദേഹം സര്‍ക്കാറിനെ വെല്ലുവിളിച്ചു.

പശ്ചിമ ബംഗാളിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജയ്പൂരില്‍ തിരിച്ചെത്തിയ ശേഷം രാജസ്ഥാനിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിച്ച് അവസ്ഥ വിലയിരുത്തുമെന്നും അശുതോഷ് റങ്ക വ്യക്തമാക്കി. സര്‍ക്കാര്‍ സ്‌കൂളുകളിലെ ദയനീയ സ്ഥിതി തുറന്നുകാട്ടുന്നതിനായി ആരംഭിച്ച ‘സ്‌കൂള്‍ ടീക്ക് കരോ’ (School Theek Karo) ക്യാമ്പയിന്‍ ശക്തമായി തുടരുമെന്നും, ഇതിന്റെ പേരില്‍ കേസ് എടുത്താലും അറസ്റ്റ് ചെയ്താലും പരിശോധനകളില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ലളിത് കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയോ സ്ഥാപന മേധാവിയുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെ പുറത്തുനിന്നുള്ള ആര്‍ക്കും സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കാനാകില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഈ നിയന്ത്രണത്തില്‍ ഇളവുള്ളത്. സ്‌കൂളില്‍ പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും സന്ദര്‍ശക രജിസ്റ്ററില്‍ (Visitor Register) കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തണം.

അധ്യാപകരുടെയോ ചുമതലപ്പെട്ട ജീവനക്കാരുടെയോ സാന്നിധ്യമില്ലാതെ ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, കളിസ്ഥലങ്ങള്‍, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പരിശോധനകള്‍ തടയാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.

By admin