• Tue. Nov 24th, 2026

24×7 Live News

Apdin News

മകള്‍ പങ്കുവെച്ച പ്രേംനസീറിന്റെ ജീവകാരുണ്യകഥയ്‌ക്ക് കയ്യടി

Byadmin

Nov 24, 2026



കൊച്ചി: നടന്‍ പ്രേംനസീറിനെക്കുറിച്ച് മകള്‍ പങ്കുവെച്ച ജീവകാരുണ്യകഥയ്‌ക്ക് കയ്യടി ഉയരുന്നു. ആ കഥ ഇങ്ങിനെ:
“ഡാഡി മ…രിച്ചതിനു ശേഷം ഒരു കോട്ടയംകാരി സ്ത്രീ ഞങ്ങളുടെ വീട്ടിൽ വന്നു. വീട്ടിലെത്തിയതും ഞങ്ങളുടെ മുന്നിലിരുന്ന് അവർ പൊട്ടിക്കരയാൻ തുടങ്ങി. കാര്യമെന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ഞങ്ങൾ അത് അറിയുന്നത്…. അവരുടെ ഭർത്താവ് മരിച്ചുപോയതായിരുന്നു. രണ്ട് പെൺമക്കളാണ് അവർക്ക് ഉണ്ടായിരുന്നത്. ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് ആ സ്ത്രീയെ വീടിന് പുറത്തേക്ക് പോലും ഇറക്കിയിരുന്നില്ല. അതുകൊണ്ട് പുറംലോകത്തെക്കുറിച്ച് അവർക്ക് വലിയ അറിവൊന്നുമില്ലായിരുന്നു. സ്വന്തമായി ജോലിയില്ല. വീട്ടിലെ കറന്റ് ബിൽ പോലും അടുത്തുള്ള ഒരു കുടുംബത്തിന്റെ സഹായത്തോടെയായിരുന്നു അടച്ചിരുന്നത് “.
അങ്ങനെയിരിക്കെയാണ് ആ കുടുംബത്തിലെ ആരോ അവരോട് പറഞ്ഞത്,
‘നിങ്ങൾ പ്രേം നസീറിന് ഒരു കത്തെഴുത്. മക്കളെ പഠിപ്പിക്കണ്ടേ? അവർക്ക് നല്ലൊരു ഭാവി വേണ്ടേ?’
അങ്ങനെ ആ സ്ത്രീ മക്കളുടെ പ്രോഗ്രസ് കാർഡും മാർക്ക് ലിസ്റ്റും ഫോട്ടോയുമെല്ലാം കത്തിനൊപ്പം ഡാഡിക്ക് അയച്ചു കൊടുത്തു. പിന്നീട് ആ കുട്ടികളെ പഠിപ്പിച്ചത് മുഴുവൻ ഡാഡി ആയിരുന്നു…..
വീട്ടുചെലവിനും മക്കളുടെ പഠനത്തിനുമായി എല്ലാ മാസവും കൃത്യമായി അഞ്ചാം തീയതിക്ക് മുമ്പ് പണം അയച്ചുകൊടുക്കുമായിരുന്നു…..
ഇതൊക്കെ ഞങ്ങളുടെ മുന്നിലിരുന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ അവർക്ക് സങ്കടം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
‘എന്റെ മക്കളെ ഇത്രയും പഠിപ്പിച്ചത് അദ്ദേഹമാണ്. ഞങ്ങൾക്ക് അദ്ദേഹത്തെ ഒന്ന് കാണാൻ പോലും വിധിയുണ്ടായില്ലല്ലോ’ എന്നൊക്കെ പറഞ്ഞ് അവർ കരഞ്ഞു….
അത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. കാരണം, ഇത്രയും വലിയൊരു സഹായം ഡാഡി ചെയ്‌തിട്ടുണ്ടെന്ന് ഞങ്ങൾ മക്കൾക്ക് പോലും അറിയില്ലായിരുന്നു.
ആ കുട്ടികൾ ഇന്ന് അമേരിക്കയിലും ലണ്ടനിലുമാണ്.
ഡാഡിയുടെ മേശപ്പുറത്ത് എപ്പോഴും മണിയോർഡർ ഫോമുകൾ ഉണ്ടാകുമായിരുന്നു. അതെല്ലാം എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് തീർന്നിരിക്കും. അത്രയധികം ആളുകൾക്ക് ഡാഡി സഹായം ചെയ്‌തിരുന്നു……
സത്യത്തിൽ, ഡാഡി ജീവിച്ചിരുന്നപ്പോൾ ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു. ആരെയെങ്കിലും സഹായിച്ചാൽ അതിനെക്കുറിച്ച് വീട്ടിൽ ഒരാളോടും പറയില്ല. വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്നായിരുന്നു ഡാഡിയുടെ നിർബന്ധം…..
ഡാഡി പോയതിനുശേഷം ഞങ്ങൾക്ക് അറിയാത്ത എത്രയോ ആളുകളാണ് വീട്ടിൽ വന്നത്. ഓരോരുത്തരും ഡാഡി അവർക്ക് ചെയ്‌തുകൊടുത്ത സഹായങ്ങളെക്കുറിച്ച് പറയുമ്പോഴാണ് ഞങ്ങൾ അതൊക്കെ അറിയുന്നത്.
ഡാഡിയുടെ സ്വഭാവം അങ്ങനെയായിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കഴിയുന്ന രീതിയിൽ സഹായിക്കും.
കല്യാണം കഴിപ്പിക്കാൻ നിവൃത്തിയില്ലാത്തവർക്ക് കല്യാണം നടത്തിക്കൊടുക്കും. വീട് വെക്കാൻ കഴിയാത്തവർക്ക് വീട് വെച്ചുകൊടുക്കും. പക്ഷേ, അതൊന്നും ആരും അറിയരുതെന്ന് ഡാഡിക്ക് നിർബന്ധമായിരുന്നു……
പ്രേംനസീറിന്റെ മകൾ പറഞ്ഞ ഓരോ വാക്കിലും അച്ഛനോടുള്ള സ്നേഹവും അഭിമാനവും നിറഞ്ഞുനിൽക്കുന്നു. ഒരു അനുഗ്രഹീത നടൻ എന്നതിലുപരി, ആരുമറിയാതെ ഒരുപാട് ജീവിതങ്ങൾക്ക് താങ്ങായ ആ വലിയ മനുഷ്യനെ കാലം എങ്ങനെ മറക്കും…..??

By admin