തിരുവനന്തപുരം: മഞ്ജു വാര്യർ തടവിലാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സനല്‍ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാരസമരം തരംതാണ കോപ്രായമാണ് എന്ന് തുറന്നടിച്ച് മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറ പോലെ ഉറച്ച് നില്‍ക്കുകയാണ് സിപിഎം നേതാവ് വി. ശിവന്‍കുട്ടി.
സുദീര്‍ഘമായ ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.
”സ്വന്തം പ്രതിഭകൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർന്നുവന്ന മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ അരങ്ങേറുന്ന തരംതാണ കോപ്രായങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഒരു വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണ്ണയാവകാശത്തെയും പരസ്യമായി ചവിട്ടിമെതിക്കുന്ന ഇത്തരം ഹീനമായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉയർന്നേ തീരൂ. ജീവിതവും നിലപാടുകളും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള ഒരു സ്ത്രീയുടെ മൗലികാവകാശത്തിന്മേല്‍ കടന്നുകയറാനും വ്യാജ ആരോപണങ്ങളിലൂടെ നീതിയെ വെല്ലുവിളിക്കാനും ആർക്കും അവകാശമില്ല.
ദശാബ്ദങ്ങളുടെ കഠിനാധ്വാനത്തെ തകർക്കാൻ കെട്ടുകഥകളിലൂടെയും ഡിജിറ്റല്‍ ഇടങ്ങളിലൂടെയും നടത്തുന്ന ഈ നീക്കം പച്ചയായ വ്യക്തിഹത്യയും കൊടിയ മാനസിക പീഡനവുമാണ്. ഒരു കലാകാരിയുടെ ആത്മാഭിമാനത്തെ തെരുവില്‍ വലിച്ചിഴയ്‌ക്കുന്ന ഈ സ്ത്രീവിരുദ്ധ അനീതിക്കെതിരെ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യ മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച് ഈ പരസ്യ വേട്ടയാടലിന് കടിഞ്ഞാണിടാൻ സർക്കാരും നിയമപാലകരും അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തില്‍ കോടതി കർശനമായ മാതൃകാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്…” എന്നാണ് ശിവന്‍കുട്ടി മഞ്ജുവാര്യരെ ടാഗ് ചെയ്ത് കുറിച്ചിരിക്കുന്നത്.
മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് മഞ്ജുവുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങള്‍ സംവിധായകൻ ഉന്നയിച്ചുവരികയായിരുന്നു. ഇതുവരെ മഞ്ജു വാര്യരോ കുടുംബാംഗങ്ങളോ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സനല്‍കുമാർ ശശിധരൻ രുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ തുടങ്ങി. അതോടെ മഞ്ജുവും കുടുംബവും അതിനെതിരെ പ്രതികരിച്ചു. സനല്‍കുമാർ ശശിധരനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് മഞ്ജു വാര്യർ.