തിരുവനന്തപുരം: പ്രേമത്തിലൂടെ വശീകരിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നത് ലൗ ജിഹാദ് ആണെന്നും, ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച സാവരിയ ബസന്ത് അന്ത്യാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഒരു മലയാളി പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ഒരു വാര്‍ത്താ പ്രാധാന്യം പോലും കേരളത്തില്‍ കിട്ടുന്നില്ല. ഇവിടത്തെ മാധ്യമങ്ങള്‍ ആരെയൊക്കെയോ ഭയക്കുന്നു. സാവരിയ ബസന്തിന്റെ കൊലപാതകം ലൗ ജിഹാദിന്റെ അവസാനത്തെ ഇരയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും, മാധ്യമങ്ങളുടെയും ഭരണകൂടത്തിന്റെയും നിസംഗത മൂലം അത് സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും അവര്‍ ആരോപിച്ചു. ഡോക്ടറാകണമെന്ന സ്വപ്‌നവുമായി ഉസ്ബകിസ്ഥാനില്‍ പഠിക്കാന്‍ പോയ സാവരിയയെ അതിക്രൂരമായാണ് സഹപാഠിയായ മലപ്പുറം പുലാമന്തോള്‍ സ്വദേശി സദറുല്‍ അനം കൊലപ്പെടുത്തിയത്. മതപരിവര്‍ത്തനത്തിന് പ്രതി നിര്‍ബന്ധിച്ചിരുന്നു. ദുഷ്ട ലക്ഷ്യത്തോടുകൂടി നമ്മുടെ പെണ്‍കുട്ടികളെ സമീപിക്കുന്നവരെ തിരിച്ചറിയണമെങ്കില്‍ സാവരിയയുടെ കൊലപാതകം കേരളത്തില്‍ ചര്‍ച്ചയാകണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
കാല്‍പാദം മുതല്‍ തല വരെ മര്‍ദനമേറ്റാണ് പെണ്‍കുട്ടി മരിച്ചത്. കേരള സ്‌റ്റോറി എന്ന സിനിമ കേരളത്തെ അപമാനിച്ചെന്ന് പറയുന്നവര്‍, ഇത്തരം യഥാര്‍ത്ഥ നരകയാതനകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ തമ്പാനൂര്‍ സന്ദീപ്, കെ. പ്രഭാകരന്‍, താലൂക്ക് പ്രസിഡന്റ് അഡ്വ. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.