• Wed. Apr 29th, 2026

24×7 Live News

Apdin News

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Byadmin

Apr 29, 2026


ന്യൂദല്‍ഹി: ക്ഷേത്രമായാലും ദര്‍ഗയായാലും മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ലെന്നും ഓരോ സ്ഥാപനത്തിനും അതിന്റെതായ ചട്ടം വേണമെന്നും സുപ്രീംകോടതി. ഓരോ സ്ഥാപനവും സുഗമമായി പ്രവര്‍ത്തിക്കാന്‍ ചട്ടക്കൂട് അനിവാര്യമാണ്, ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു. മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ വാദം.

സൂഫി പാരമ്പര്യത്തില്‍ വിശുദ്ധരെ അടക്കിയിരിക്കുന്നത് ദര്‍ഗകളിലാണ്. നമാസ്, ഹജ്, സക്കാത്ത് തുടങ്ങിയ തത്വങ്ങള്‍ മുറുകെ പിടിക്കുന്നവരാണ് സൂഫികളും. സൂഫി വിഭാഗത്തിനു വേണ്ടി ഹാജരായ നിസാം പാഷ കോടതിയില്‍ പറഞ്ഞു. ഏതു മതസ്ഥാപനമാണെങ്കിലും ( ദര്‍ഗ, മസ്ജിദ്….) പ്രവേശനം അനുവദിക്കുന്ന കാര്യം ഭരണസമിതിയുടെ അവകാശമാണെന്നും അദ്ദേഹം വാദിച്ചു.

ഈ സമയത്ത് ജസ്റ്റീസ് അമാനുള്ള ഇടപെട്ടു. ഭരിക്കാനുള്ള അവകാശം എന്നാല്‍, എന്തും ചെയ്യാം എന്നല്ല. എല്ലാത്തിനും ഒരു രീതി അഥവാ നടപടി ക്രമം വേണം. ക്ഷേത്രമാണെങ്കിലും ദര്‍ഗയാണെങ്കിലും അരാജകത്വം അനുവദിക്കാനാവില്ല. ആരാധനാ ക്രമം വേണം. പ്രവേശനത്തില്‍ നിയന്ത്രണം വേണം. ഇത് നിയന്ത്രിക്കാനും ആരെങ്കിലും വേണം. ഞാനതു ചെയ്യാം ഞാനിതു ചെയ്യാം എന്ന് എല്ലാവരും പറഞ്ഞിട്ടു കാര്യമില്ല. അതിന് സംവിധാനം വേണം. ഒരു നിയന്ത്രണവും ഇല്ലാതെ മതസ്ഥാപനത്തിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിടാന്‍ ആവില്ല. ആരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നതാണ് ചോദ്യം. നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഭരണഘടനാ പരിധികള്‍ ലംഘിക്കാനും പാടില്ല. വിവേചനങ്ങളും അനുവദിക്കാനാവില്ല. ഓരോ ആരാധനാലയത്തിനും അതിന്‍േറതായ ചട്ടങ്ങള്‍ വേണം. അവിടെ വരുന്ന വ്യക്തികളല്ല അത് തീരുമാനിക്കേണ്ടത്. ഒരോ സമ്പ്രദായത്തിന്റെയും ആചാരങ്ങള്‍ അനിവാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കുക, കോടതികള്‍ക്ക് ബുദ്ധിമുട്ടാണ്, എന്നാല്‍ അസാധ്യവുമല്ല, ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കി.



By admin