• Sun. Jun 14th, 2026

24×7 Live News

Apdin News

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

Byadmin

Jun 14, 2026


ട്ടാഞ്ചേരി: ട്രോളിങ് നിരോധനം തുടങ്ങിയതോടെ സംസ്ഥാനത്തെ മത്സ്യവിപണി ആശങ്കയിലായി. കന്നുകാലി ഇറച്ചി ക്ഷാമവും കോഴിയിറച്ചി വിലവര്‍ദ്ധനയും മൂലം സസ്യേതര വിപണിയില്‍ ഇതരസംസ്ഥാന വ്യാപാരികള്‍ നേട്ടം കൊയ്യുകയാണ്. കന്നുകാലി ദൗര്‍ലഭ്യം മാട്ടിറച്ചിക്ഷാമം രൂക്ഷമാക്കി. പ്രതിമാസം രണ്ട് ലക്ഷം മാടുകളുടെ ഇറച്ചി വില്പനയുള്ള സംസ്ഥാനത്ത് 25,000 മാടുകള്‍ പോലും അതിര്‍ത്തി കടന്നെത്തുന്നില്ല. കോഴിവിപണിയിലും വില വര്‍ദ്ധിച്ചു.

കഴിഞ്ഞമാസം 140- 160 രൂപയുള്ള കോഴി വില കിലോയ്‌ക്ക് 170-200 രൂപയായി. അതിര്‍ത്തി കടന്നെത്തുന്ന മുട്ട, മത്സ്യം, കോഴി വിപണി വിലകളിലെ അനിയന്ത്രിത വിലക്കയറ്റം തടയുന്നതിലും നിയന്ത്രിക്കുന്നതിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന് ഉപഭോക്തൃ-വ്യാപാരി സംഘടനകള്‍ പരാതിപ്പെടുന്നു. ട്രോളിങ് നിരോധനവും രൂക്ഷമായ കടല്‍ക്ഷോഭവുമാണ് മത്സ്യവിപണിക്ക് തിരിച്ചടിയായത്. പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ തീരദേശ മീന്‍ പിടുത്തത്തില്‍ സജീവമാണെങ്കിലും കാര്യമായ മത്സ്യലഭ്യതയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇത്തരം സാഹചര്യത്തിലാണ് മീന്‍ വില വര്‍ദ്ധനയെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് മത്സ്യലഭ്യതയില്‍ കടുത്ത ക്ഷാമം നേരിടുമ്പോഴും വിപണിയില്‍ ലഭ്യമാകുന്നവയ്‌ക്കാകട്ടെ രണ്ടിരട്ടിയിലേറെയാണ് വില. അഞ്ച് ദിവസത്തിനുള്ളില്‍ മത്സ്യവിപണിയില്‍ 200-250 ശതമാനം വരെ വില ഉയര്‍ന്നതായാണ് വ്യാപാരികള്‍ പറയുന്നത്. ചാള, അയില, ചൂര, കട്‌ല, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കഴിഞ്ഞ ആഴ്ച കിലോയ്‌ക്ക് 120 രൂപയുണ്ടായിരുന്ന ചാള (മത്തി) വില 320-350 രൂപയായി വര്‍ദ്ധിച്ചു. അയില വില 180 ല്‍ നിന്ന് 300 – 350 രൂപയായും ചൂര വില 120ല്‍ നിന്ന് 260-280 രൂപയായും ചെമ്പല്ലി വില 100ല്‍ 200-250 രൂപ വരെയായും, തിലോപ്പി 80 – 90 ല്‍ നിന്ന് 150 രൂപയായുമാണ് വര്‍ദ്ധിച്ചത്. കടല്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ കായല്‍ മത്സ്യങ്ങളുടെ വിലയിലും വന്‍ വര്‍ദ്ധനവുണ്ടായതായി മത്സ്യതൊഴിലാളികള്‍ പറഞ്ഞു. കണമ്പ് വില കിലോയ്‌ക്ക് 250 രൂപയായി. കരിമീന്‍, നെയ്‌മീന്‍ വില കിലോയ്‌ക്ക് 600- 800 രൂപയാണ്. ചെമ്മീന്‍ വില ഇനമനുസരിച്ച് കിലോയ്‌ക്ക് 500 മുതല്‍ 1000 രൂപ വരെയാണ് ഈടാക്കുന്നത്.

മത്സ്യവില കുതിപ്പിനെ തുടര്‍ന്ന് പല ചെറുകിട ഹോട്ടലുകളിലും ഊണിന് വില വര്‍ദ്ധിപ്പിച്ചു. മത്സ്യവിഭവങ്ങള്‍ ഒഴിവാക്കുന്നതായും ഹോട്ടലുടമകളും പറയുന്നു. രാജ്യത്ത് മത്സ്യ ഉപഭോഗത്തില്‍ കേരളമാണ് മുന്നില്‍. ശരാശരി 30-35 കിലോയാണ് പ്രതിശീര്‍ഷ ഉപഭോഗനിരക്ക്. വിപണിയില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മത്സ്യം എത്തിയിട്ടുണ്ട്. ട്രോളിങ് നിരോധനവും കാലവര്‍ഷവും മുന്നില്‍ക്കണ്ട് കേരളത്തില്‍ വ്യാപകമായി മീനെത്തുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പ്രതിദിനം 25- 40 ലോഡ് മത്സ്യം വരെ അതിര്‍ത്തി കടന്നെത്തുന്നതായാണ് പറയുന്നത്. അതിര്‍ത്തികളിലും വിപണിയിലും ഇവയുടെ ഗുണനിലവാര പരിശോധനയില്ലെന്നാണ് ഉപഭോക്തക്കളും വ്യാപാരികളും പറയുന്നത്. മീന്‍വില വര്‍ദ്ധനയിലൂടെ നേട്ടം അന്യസംസ്ഥാനങ്ങള്‍ നേടുന്നതായി കച്ചവടക്കാരും സമ്മതിക്കുന്നു. മത്സ്യ വിലവര്‍ദ്ധന പച്ചക്കറി വിലവര്‍ദ്ധനവിനും ഇടയാക്കുകയാണ്.



By admin