
തിരുവനന്തപുരം: മദ്യക്കുപ്പിയില്‍ പതിക്കാനുള്ള ഹോളോഗ്രാം സ്റ്റിക്കര്‍ അച്ചടിക്കായി സെക്യൂരിറ്റി പ്രിന്റിങ് സൗകര്യം വാടകയ്‌ക്ക് എടുക്കുന്നതിനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയെന്ന് ആക്ഷേപം. കോതമംഗലത്തുള്ള സ്വകാര്യ കമ്പനിയുമായുള്ള ഇടപാടില്‍ 2000 കോടിയോളം അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കമ്പനി ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ ബിനാമി സ്ഥാപനമാണെന്നും ആരോപണമുണ്ട്. ഹോളോഗ്രാം അച്ചടിക്കായി സെക്യൂരിറ്റി പ്രിന്റിങ് സൗകര്യം വാടകയ്‌ക്ക് എടുക്കുന്നതിനുള്ള ദര്‍ഘാസ് ക്ഷണിച്ചുകൊണ്ടുള്ള സി ഡിറ്റിന്റെ അറിയിപ്പാണ് ആശങ്ക ഉയര്‍ത്തുന്നത്.
മദ്യക്കുപ്പികളില്‍ പതിക്കുന്നതിനുള്ള ഹോളോഗ്രാം സ്റ്റിക്കറിന്റെ അച്ചടിയും വിതരണവും 2001ല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സി ഡിറ്റിനെ ഏല്‍പ്പിച്ചിരുന്നു. വ്യാജ സ്റ്റിക്കറുകള്‍ തടയുന്നതിനും വിതരണ ശൃംഖല നിരീക്ഷിക്കുന്നതിനുമായി ക്യുആര്‍ കോഡും 30 സുരക്ഷാ ഫീച്ചറുകളും അടങ്ങിയ പുതിയ ഹോളോഗ്രാഫിക് ടാക്‌സ് ലേബലുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ സെക്യൂരിറ്റി പ്രിന്റിങ് സൗകര്യം വാടകയ്‌ക്ക് എടുക്കുന്നതോടെ സുതാര്യത നഷ്ടമാകുമെന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നുമാണ് ആശങ്ക.
വി.ഡി. സതീശന്‍ സര്‍ക്കാര്‍ പുതിയ ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്. ഐടി വകുപ്പിന് കീഴിലെ സി ഡിറ്റില്‍ നിന്നും കരാര്‍ മാറ്റാനുള്ള നീക്കം താന്‍ അറിഞ്ഞിട്ടില്ലെന്ന പതിവു പ്രസ്താവനയുമായി എക്‌സൈസ് മന്ത്രി എം. ലിജു എത്തിയേക്കുമെന്നാണ് കരുതുന്നത്.
ഇരുപത്തഞ്ചു വര്‍ഷത്തില്‍ 250 കോടിയുടെ ടേണ്‍ ഓവറുണ്ടായിരുന്ന സി ഡിറ്റിന് 100 കോടിയാണ് ലാഭമുണ്ടായത്. ഉയര്‍ന്ന സുരക്ഷയുള്ള ഹോളോഗ്രാമാണ് തയാറാക്കിയിരുന്നത്. 2001 ശേഷം മദ്യദുരന്തം ഉണ്ടാകാത്തതിന് ഇതു കാരണമാണെന്ന് കണക്കാക്കുന്നു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തില്‍ ഉപഭോക്താവിനുള്ള വിശ്വാസ്യതയും സുരക്ഷാബോധവും സ്വകാര്യ കമ്പനി ഹോളോഗ്രാം സ്റ്റിക്കര്‍ ഉല്പാദിപ്പിക്കുന്നതോടെ നഷ്ടമായേക്കും. ഹോളോഗ്രാം സ്റ്റിക്കറിന്റെ സാങ്കേതികവിദ്യ ചോരാനും ഇത് വ്യാപക ചൂഷണത്തിനും മദ്യദുരന്തത്തിനും കാരണമായേക്കുമെന്നുമാണ് ഉയരുന്ന ആശങ്ക.