
ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്‌ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതാൻ ലക്ഷ്യമിട്ട് ആസാദ് സമാജ് പാർട്ടി (കാൻഷിറാം) അധ്യക്ഷൻ ചന്ദ്രശേഖർ ആസാദും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും രംഗത്ത്. ഭരണഘടനാ ദിനമായ വ്യാഴാഴ്‌ച നവംബർ 26 ലഖ്‌നൗവിൽ നടന്ന ‘സമാജിക് പരിവർത്തൻ മോർച്ച’ റാലിയിലാണ് ഇരുനേതാക്കളും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ നടത്തിയത്.
സഖ്യം ഉത്തർപ്രദേശിൽ അടുത്ത സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഒരു മുസ്‌ലിം നേതാവിനെയും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിമാരാക്കുമെന്ന് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായ ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു. മുസ്‌ലിം സമുദായം മറ്റ് രാഷ്‌ട്രീയ പാർട്ടികൾക്ക് വേണ്ടി പണിയെടുക്കുന്നതിന് പകരം സ്വന്തം രാഷ്‌ട്രീയ അസ്തിത്വത്തിനും അധികാര പങ്കാളിത്തത്തിനും വേണ്ടി നിലകൊള്ളണമെന്നും, അധികാരത്തിൽ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുമെന്നും ആസാദ് റാലിയിൽ വ്യക്തമാക്കി.
റാലിയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അസദുദ്ദീൻ ഒവൈസി ഉന്നയിച്ചത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ പോലും അഖിലേഷ് യാദവ് സ്വന്തം കുടുംബാംഗങ്ങൾക്കാണ് സ്ഥാനാർത്ഥിത്വം നൽകുന്നതെന്നും കർഹാൽ മണ്ഡലത്തിൽ ഒരു മുസ്‌ലിം സ്ഥാനാർത്ഥിയെ നിർത്താൻ അദ്ദേഹം തയ്യാറാകുമോ എന്നും ഒവൈസി വെല്ലുവിളിച്ചു. മുസഫർനഗർ കലാപസമയത്തെ സർക്കാർ നിലപാടുകളെ വിമർശിച്ച ഒവൈസി, അഖിലേഷ് യാദവ് ഹിന്ദുത്വ ആശയങ്ങളിലേക്കാണ് നീങ്ങുന്നതെന്നും ആരോപിച്ചു.
നവംബർ 12-നാണ് ചന്ദ്രശേഖർ ആസാദും അസദുദ്ദീൻ ഒവൈസിയും ചേർന്ന് ‘സമാജിക് പരിവർത്തൻ മോർച്ച’ സഖ്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിലും ഒരുമിച്ച് മത്സരിക്കാനാണ് സഖ്യത്തിന്റെ തീരുമാനം. ദളിത്-മുസ്‌ലിം വോട്ടുകൾ ഏകോപിപ്പിക്കുകയാണ് ഈ മുന്നണിയുടെ പ്രധാന രാഷ്‌ട്രീയ ലക്ഷ്യം. 2022-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എ.ഐ.എം.ഐ.എമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ലെന്നും, പുതിയ സഖ്യത്തിലൂടെ സംസ്ഥാനത്ത് ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.