മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം. ജോണിനെതിരെ നടന്ന എസ് എഫ്. ഐ പ്രതിഷേധത്തിനെതിരെ കാലിക്കറ്റ് സിൻഡിക്കേറ്റ് പ്രമേയം പാസാക്കി.
എറണാകുളം മഹാരാജാസ് കോളേജിൽ 2026 ഒക്ടോബർ 30-ന് നടന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രോ-ചാൻസലറുമായ ശ്രീ. റോജി എം. ജോണിനെതിരെ ചില വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധവും അതിനെത്തുടർന്ന് ചടങ്ങ് തടസ്സപ്പെട്ട സാഹചര്യവും കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റിന്റെ ഗൗരവമായ ശ്രദ്ധയിൽപ്പെടുത്തുന്നു.
വിദ്യാർത്ഥികൾക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാനും അവരുടെ അവകാശങ്ങൾ ഉന്നയിക്കാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നായ ബിരുദദാന ചടങ്ങിന്റെ ഔന്നത്യവും അക്കാദമിക അന്തസ്സും തകർക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാനാവില്ല.
ഒരു ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായവ്യത്യാസങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്. എന്നാൽ അവ പ്രകടിപ്പിക്കുമ്പോൾ പൊതുപദവികളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും അന്തസ്സും സർവകലാശാലകളുടെ അക്കാദമിക അന്തരീക്ഷവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ നയരൂപീകരണത്തിലും സർവകലാശാലകളുടെ പുരോഗതിയിലും നിർണായകമായ ഉത്തരവാദിത്തം വഹിക്കുന്ന മന്ത്രിയെന്ന നിലയിൽ ശ്രീ. റോജി എം. ജോണിന് ഔദ്യോഗിക ചടങ്ങുകളിൽ അർഹമായ പരിഗണനയും ആദരവും ലഭിക്കേണ്ടതാണെന്ന് സിൻഡിക്കറ്റിന് അഭിപ്രായമുണ്ട്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഉന്നയിക്കുന്നതിന് ജനാധിപത്യപരമായ നിരവധി മാർഗങ്ങളുണ്ടെന്നിരിക്കെ, മറ്റൊരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ ഔദ്യോഗിക ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തിയത് നിർഭാഗ്യകരമാണെന്ന് സിൻഡിക്കറ്റിന്
വിലയിരുത്തുന്നു.
- മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉണ്ടായ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
- ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോണിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിയുടെ അന്തസ്സും മര്യാദയും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു.
- സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്കാദമിക ചടങ്ങുകളുടെ പവിത്രതയും അന്തസ്സും സംരക്ഷിക്കപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
- വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധാവകാശത്തെ മാനിക്കുന്നതിനൊപ്പം അത്തരം പ്രതിഷേധങ്ങൾ അക്കാദമിക പ്രവർത്തനങ്ങളെയും ഔദ്യോഗിക ചടങ്ങുകളെയും തടസ്സപ്പെടുത്താത്ത രീതിയിലായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.
- ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സർവകലാശാലകളും കോളേജുകളും ആവശ്യമായ നടപടികളും ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിക്കുന്നു.
അവതാരകൻ കബീർ മുതുപറമ്പ്
അനുവാദകൻ മധു രാമനാട്ടുകര