കൊച്ചി: മലപ്പുറത്ത് മുന്‍പ് പിടികൂടിയ വന്‍ സ്‌ഫോടക വസ്തുശേഖരം, തിരുനാവായയില്‍ നടന്ന മാഘമഹോത്സവം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കരുതിയതായിരുന്നു എന്ന സംശയം ബലപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യ സൂത്രധാരനായ ഹാരിസ് ടി.എ.യെ മഞ്ചേരിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് നിര്‍ണായകമായ ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ 10 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ പിടിയിലായിട്ടുള്ളത്.
മാഘ മഹോത്സവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഫെബ്രുവരി ഏഴിനാണ് സ്ഫോടക വസ്തു ശേഖരം പൊലീസ് പിടികൂടിയത്. ചെമ്മാട് – തളപ്പാറ റോഡിലെ ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍. കേരളത്തെ ആകെത്തന്നെ അഗ്നിഗോളമാക്കാന്‍ പോന്നത്ര വന്‍ സ്‌ഫോടക ശേഖരമാണ് പിടികൂടിയത്.
89,600 ഡിറ്റനേറ്റര്‍ സ്റ്റിക്കുകള്‍, 10,500 നോണ്‍- ഇലക്ട്രിക് ഷോക്ക് ട്യൂബുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെടുത്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ കടത്തിയ കെഎല്‍ 10 ബിഎഫ് 8395 നമ്പര്‍ ലോറിയും പിടിച്ചെടുത്തിരുന്നു. ലൈസന്‍സോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെയാണ് ഇവ കടത്തിക്കൊണ്ടുവന്നത്. ലോറിയിലുണ്ടായിരുന്ന മൂന്നുപേരെ ആദ്യഘട്ടത്തില്‍ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.
കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളില്‍ എന്‍ഐഎ ഒരേസമയം വ്യാപക റെയ്ഡുകള്‍ നടത്തിയിരുന്നു. കര്‍ണാടകയിലെ വിജയപുരയില്‍ നിന്ന് കഴിഞ്ഞദിവസം മൂന്ന് പ്രതികളെ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് കേരളത്തില്‍ വച്ച് മുഖ്യ ആസൂത്രകനായ ഹാരിസും വലയിലാകുന്നത്. വ്യാജ കമ്പനികളുടെ പേരില്‍ രേഖകള്‍ ചമച്ചാണ് ഇവര്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഈ വന്‍ സ്‌ഫോടകവസ്തു ശേഖരം കേരളത്തില്‍ എന്തിനാണ് എത്തിച്ചത് എന്നതിനെക്കുറിച്ചും, ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും എന്‍ഐഎ അന്വേഷിച്ചു വരികയാണ്. മാഘമഹോത്സവത്തില്‍ സ്‌ഫോടനം നടത്തി വന്‍ വര്‍ഗീയ കലാപമായിരുന്നു ഇവര്‍ ലക്ഷ്യമിട്ടതെന്നുള്ള തലത്തിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നേക്കും.