തിരുവനന്തപുരം: മലയോര മേഖലയായ വിതുരയിലെ ഗ്രാമങ്ങളിലും ഉള്‍ക്കാടുകളിലെ വനവാസി ഊരുകളിലും കുടിവെള്ളക്ഷാമം രൂക്ഷം. വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വിവിധ വനവാസി ഊരുകളില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി നടപ്പിലാക്കിയ ജലവിതരണ പദ്ധതികള്‍ പലതും പാതിവഴിയില്‍ നിലച്ചതാണ് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്.
പ്രദേശത്ത് മഴയെത്തിയിട്ടും പല ഊരുകളിലെയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായിട്ടില്ല. പൈപ്പ്‌ലൈനുകള്‍ തകര്‍ന്നുകിടക്കുന്നതും പരമ്പരാഗത ജലസ്രോതസ്സുകള്‍ മലിനമാകുന്നതും കാരണം ശുദ്ധജലം ലഭിക്കുന്നില്ല. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടി കാട്ടിലെ ചെറിയ നീര്‍തോടുകളെയും ജലസ്രോതസ്സുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് ഈ ജനവിഭാഗം. കുടിവെള്ളത്തിനായി കാടിനുള്ളിലേക്ക് പോകേണ്ടി വരുമ്പോള്‍ കാട്ടാന, കാട്ടുപന്നി, പുലി, കരടി, കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണഭീഷണി ഇവരുടെ ഉറക്കം കെടുത്തുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊരുകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ പല ചെറുകിട ഗ്രാമീണ കുടിവെള്ള പദ്ധതികളും ഇപ്പോള്‍ പരിപാലനം ഇല്ലാതെ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച പല പമ്പ് ഹൗസുകളും ജലസംഭരണികളും വാട്ടര്‍ ടാങ്കുകളും നോക്കുകുത്തികളായി മാറി. കാലപ്പഴക്കം ചെന്ന പൈപ്പ്‌ലൈനുകള്‍ പൊട്ടിപ്പൊളിഞ്ഞും കാടുകയറിയും കിടക്കുന്നതിനാല്‍, അവയിലൂടെ വെള്ളമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ പലയിടത്തും പൈപ്പുകളും ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും, പലയിടത്തും ഇതുവരെയും കുടിവെള്ളമെത്തിക്കാനായിട്ടില്ല.
പൈപ്പ് കണക്ഷനുകള്‍ നല്‍കിയതല്ലാതെ മോട്ടോറുകള്‍ സ്ഥാപിക്കാത്തതും ജലസ്രോതസ്സുകളുമായി ബന്ധിപ്പിക്കാത്തതുമാണ് പ്രധാന തടസ്സം. ഫണ്ടില്ലായ്‌മയും ഭരണപരമായ അലംഭാവവുമാണ് പദ്ധതികളുടെ കാലതാമസത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വനവാസി വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഈ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും, തകര്‍ന്നു കിടക്കുന്ന പഴയ പദ്ധതികളുടെ പുനരുദ്ധാരണവും മുടങ്ങിക്കിടക്കുന്ന ജലവിതരണ പദ്ധതികളും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വലിയ ജനപ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് തീരുമാനം.