
ബംഗളൂരു: മാതാപിതാക്കളെ പരിപാലിക്കേണ്ട കടമ മകനോ മകള്‍ക്കോ ആണെന്നും മരുമകനോ മരുമകള്‍ക്കോ അല്ലെന്നും കര്‍ണാടക ഹൈക്കോടതി.
ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ആര്‍ക്കും ഒരു സ്ത്രീയോട് വീട്ടുജോലികള്‍ ചെയ്യാനും മാതാപിതാക്കളെ പരിപാലിക്കാനും കല്‍പ്പിക്കാനോ നിര്‍ബന്ധിക്കാനോ കഴിയില്ലെന്നും ജസ്റ്റിസ് ചില്ലാക്കൂര്‍ സുമലത പറഞ്ഞു.
ഭര്‍ത്താവിന് ഭാര്യയെ തന്റെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായി ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനും കഴിയില്ല. വിവാഹം എന്നത് മറ്റേ കക്ഷിയുടെ വ്യക്തിത്വം, സ്വാതന്ത്ര്യം, ഇച്ഛാശക്തി എന്നിവ നിയന്ത്രിക്കാനോ കീഴടക്കാനോ ഉള്ള ലൈസന്‍സല്ല. കോടതി വ്യക്തമാക്കി.
ഒരു സ്ത്രീക്ക് മാതാപിതാക്കളുടെ വീട്ടില്‍ പോകാന്‍ തോന്നുമ്പോഴെല്ലാം ഭര്‍ത്യവീട്ടിലെ എല്ലാവരുടെയും അനുവാദം വാങ്ങണമെന്നു പറയാന്‍ കഴിയുമോ?. സ്ത്രീക്ക് അവളുടെ കരിയര്‍, സാമ്പത്തിക സ്ഥിതി എന്നിവയില്‍ തീരുമാനങ്ങളെടുക്കാന്‍ മൗലികവും സമ്പൂര്‍ണ്ണവുമായ അവകാശമുണ്ടെന്ന് ജസ്റ്റിസ് ചില്ലാക്കൂര്‍ പറഞ്ഞു.