• Mon. Oct 26th, 2026

24×7 Live News

Apdin News

മിനികൂപ്പര്‍ ഇടിച്ച് 3 പേര്‍ കൊല്ലപ്പെട്ട സംഭവം,ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി, ശബ്ദസന്ദേശം പുറത്ത്

Byadmin

Oct 26, 2026


കൊച്ചി:നെടുമ്പാശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച് രണ്ട് യുവതികളും യുവാവും കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവ് മദ്യപിച്ചെന്നും വാഹനം അമിത വേഗത്തിലെന്നതുമടക്കം സഹയാത്രികന്‍ ജോയല്‍ പറയുന്ന ശബ്ദസന്ദേശം പുറത്ത്.ജോയല്‍ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ഉളളത്.പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട ജില്ലാ കോടതി ബുധനാഴ്ച വിധി പറയും.

അപകട ദിവസം രാവിലെ, 9.25 നാണ് ജോയല്‍ സുഹൃത്തിന് ശബ്ദ സന്ദേശമയച്ചത്. രാത്രി ഒരുമിച്ച് ബാറില്‍ മദ്യപിച്ചു.സുഹൈല്‍ സജീവ് നേരത്തെ മദ്യപിച്ചതിന് പുറത്താണ് വീണ്ടും മദ്യപിച്ചത്.താനും ബീര്‍ കുടിച്ചു. ശേഷം കാറില്‍ അമിത വേഗത്തില്‍ പോയി. കാര്‍ സ്‌കൂട്ടറിലിടിച്ച് മൂന്ന് പേരും സ്‌പോട്ടില്‍ തന്നെ മരിച്ചു.തന്നോടും അമീനോടും രക്ഷപ്പെട്ടോളാന്‍ പറഞ്ഞത് നിനവാണ്. അപകടവും മരണവും കണ്ടതിന്റെ ആഘാതം ഇപ്പോഴും മാറിയിട്ടില്ലെന്നും ഒരു മിനിറ്റും 43 സെക്കന്റും ദൈര്‍ഘ്യമുളള ശബ്ദ സന്ദേശത്തില്‍ പറയുന്നു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ, പ്രതികള്‍ ജില്ലാ കോടതിയെ സമീപിച്ചു. ജാമ്യാപക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബം നിയോഗിച്ച അഭിഭാഷകനും ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

കാറോടിച്ച സുഹൈല്‍ സജീവിന്റെ രക്തമൂത്ര പരിശോധന ഫലത്തില്‍ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയുടെ ഫലം വരാനുണ്ട്.കാറിന്റെ ഇവന്റ് ഡാറ്റാ റെക്കോഡര്‍ പരിശോധനയുടെ വിശദാംശങ്ങളും വരാനുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍, പ്രതികള്‍ 14 ദിവസത്തിലധികമായി റിമാന്‍ഡിലാണ്. പൊലീസ് ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞെന്നും 19 വയസുകാരെ ഇനിയും ജയിലില്‍ ഇടുന്നത് ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു.

By admin