മലപ്പുറം: നമ്മുടെ അടുക്കളകളിൽ ഏറ്റവും അത്യാവശ്യമായ ഉപകരണങ്ങളിൽ ഒന്നാണ് ഗ്യാസ് സ്റ്റൗ. പാചകം, കറികൾവെയ്ക്കാനും, ഭക്ഷണ സാധനങ്ങൾ വറുക്കൽ തുടങ്ങി രുചികരമായ വിഭവങ്ങൾ ഒരുക്കാൻ ദിവസവും നാം ഇത് ആശ്രയിക്കുന്നു.
പാത്രങ്ങളും മറ്റ് അടുക്കള ഉപകരണങ്ങളും ദിവസവും കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കാറുണ്ടെങ്കിലും, ഗ്യാസ് സ്റ്റൗവും അതിലെ ബർണറുകളും പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാറില്ല.
എന്നാൽ അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ഗ്യാസ് സ്റ്റൗവിന്റെ ആയുസ്സ് കൂട്ടാനും ചില പെട്ടെന്നുള്ള പൊടികൈകളുണ്ട്.
ബർണറുകൾ വൃത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?
തീജ്വാല കൃത്യമായി കിട്ടാൻ സഹായിക്കുന്ന ചെറിയ ദ്വാരങ്ങൾ ഗ്യാസ് സ്റ്റൗ ബർണറുകളിൽ ഉണ്ട്. എന്നാൽ ദിവസേനെയുള്ള ഉപയോഗത്തിലൂടെ ഇതിൽ കൊഴുപ്പും കരിയും അടിഞ്ഞുകൂടുന്നു.
ഇത് തീജ്വാലയുടെ സുഗമമായ വിതരണത്തിന് തടസ്സമാകുന്നത് മാത്രമല്ല, എൽ.പി.ജി (LPG) അധികമായി ഉപയോഗിക്കാനും ഇടയാക്കും. അതിനാൽ പണവും സമയവും ലാഭിക്കാൻ ബർണറുകൾ കൃത്യസമയത്ത് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഗ്യാസ് സ്റ്റൗവും ബർണറുകളും എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ ഇതാ:
- ഉള്ളി ഉപയോഗിച്ചുള്ള വിദ്യ
കുറച്ച് ഉള്ളി കഷണങ്ങൾ വെള്ളത്തിലിട്ട് 20 മിനിറ്റ് തിളപ്പിക്കുക. ശേഷം ഈ വെള്ളം തണുക്കാൻ അനുവദിക്കുക.
ഈ വെള്ളവും ഒരു സ്പോഞ്ചും ഉപയോഗിച്ച് സ്റ്റൗവിലെ എണ്ണമയമുള്ള കറകൾ എളുപ്പത്തിൽ തുടച്ചുനീക്കാം.
- വെളുത്ത വിനാഗിരി (White Vinegar)
കുറച്ച് തുള്ളി വെളുത്ത വിനാഗിരി ബർണറിൽ ഒഴിച്ച് കുറച്ചുസമയം വെക്കുക. അതിനുശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് കറകൾ ഉരച്ചു കളയുക.
പിന്നീട് ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് ടാപ്പ് വെള്ളത്തിനടിയിൽ കഴുകിയെടുക്കാം. മികച്ച ഫലത്തിനായി ആഴ്ചയിൽ രണ്ടുതവണ ഈ രീതി പരീക്ഷിക്കാവുന്നതാണ്.
- ബേക്കിംഗ് സോഡ കൂട്ട്
രണ്ട് ടേബിൾസ്പൂൺ നാരങ്ങാനീരിലോ വെളുത്ത വിനാഗിരിയിലോ അൽപ്പം ബേക്കിംഗ് സോഡ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഉപയോഗിച്ച് ബർണറുകളിലെ കറകൾ എളുപ്പത്തിൽ വൃത്തിയാക്കാം.
- വെള്ളവും ഉപ്പും
കുറച്ച് വെള്ളത്തിൽ ഉപ്പ് ചേർത്ത് തിളപ്പിച്ച്, ബർണർ കോയിലുകൾ അതിൽ 15-20 മിനിറ്റ് മുക്കിവെക്കുക. ശേഷം കട്ടിയുള്ള ബ്രഷും ഡിഷ് വാഷ് ലിക്വഡും ഉപയോഗിച്ച് ചെറിയ കറകൾ പോലും എളുപ്പത്തിൽ കളയാം.
- നാരങ്ങയുടെ മാജിക്
ബർണർ കുറച്ചുനേരം ചെറുതായി ചൂടാക്കുക. അതിനുശേഷം നാരങ്ങാനീരും തൊലിയും അതിൽ പുരട്ടി കുറച്ച് മിനിറ്റ് വെക്കുക. പിന്നീട് ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകിയെടുത്താൽ സ്റ്റൗ പുതിയത് പോലെ തിളങ്ങും.
- ഡിഷ് വാഷിംഗ് ലിക്വിഡ്
ഒരു കപ്പ് ചൂടുവെള്ളത്തിൽ 2 ടേബിൾസ്പൂൺ ഡിഷ് വാഷിംഗ് ലിക്വിഡ് ചേർത്ത് ബർണർ 5-7 മിനിറ്റ് മുക്കിവെക്കുക. ശേഷം സ്പോഞ്ച് ഉപയോഗിച്ച് തുടച്ച് ടാപ്പ് വെള്ളത്തിനടിയിൽ കഴുകുക.
പ്രത്യേകം ശ്രദ്ധിക്കുക:
ഗ്യാസ് സ്റ്റൗവിന്റെ ഓരോ ഉപയോഗത്തിനുശേഷവും ബർണറുകൾ ഹാർഡ് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാനും ഒഴുകുന്ന വെള്ളത്തിനടിയിൽ കഴുകാനും ശീലമാക്കുക. ഇത് ബർണറുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും പാചകവാതകം ലാഭിക്കാനും ഏറെ സഹായിക്കും.