• Sun. Aug 30th, 2026

24×7 Live News

Apdin News

മിനിക്കഥ: ആഖ്യാനവ്യഥകള്‍

Byadmin

Aug 30, 2026



തേടി നടക്കയായിരുന്നു അയാള്‍. കാക്കത്തൊള്ളായിരം ആഖ്യാനപ്പെരുക്കങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ തന്റെ ചേതനയെ…
ഏറെയേറെ തിരഞ്ഞുതിരഞ്ഞ് ക്ഷീണിച്ചുവലഞ്ഞ് മോഹാലസ്യം പൂണ്ട അയാളുടെ നോട്ടപ്പാടില്‍ എന്തോ ഒന്ന് തെളിഞ്ഞു മിന്നി.
‘ക്ഷ’.
അഭിനവ വൈയാകരണരുടെ കൊടുംശാപത്താല്‍ അക്ഷരമാലയുടെ ഓര്‍ബിറ്റലില്‍നിന്ന് എന്നോ തെറിച്ചു പോയ ഒരു അക്ഷരകണം. അക്ഷരമാണോ കൂട്ടക്ഷരമാണോ എന്ന് തിരിച്ചറിയാനാവാത്തവിധം ജനിതകമാറ്റം സംഭവിച്ചുപോയ വര്‍ഗേതരവ്യഞ്ജനം.

ഭാഷാശാസ്ത്രത്തിന്റെ വെളിമ്പുറത്ത് പതറിക്കിടക്കുകയായിരുന്നു അത്. കൊഴിഞ്ഞുവീണ പക്ഷിത്തൂവല്‍ പോലെ…
ഒന്നല്ല. അവിടെയും ഇവിടെയുമായി അനവധി. ക്ഷകാരങ്ങള്‍. ജീവിതച്ചാലിലെ മാലിന്യക്കൂമ്പാരത്തില്‍ പെട്ടുപോയ നിരാലംബരായ ഹതഭാഗ്യര്‍ മൂക്കു കൊണ്ട് വരച്ചിട്ടവ.

അവയോരോന്നും അയാള്‍ പെറുക്കിക്കൂട്ടി. തന്റെ കഥനകാലത്തിന്റെ അകംഭിത്തിമേല്‍ കൊളുത്തിത്തൂക്കിയിട്ടു. ചുമര്‍ക്കൊളുത്തിലെ അവയുടെ തൂങ്ങിയാടല്‍ അയാള്‍ക്ക് ‘ക്ഷ’ പിടിച്ചു. കഥനവ്യഥകള്‍ മറന്ന് അയാള്‍ ഉന്മത്തനായി. ആസുരമായ ആഹ്ലാദത്തോടെ അയാള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അലറിച്ചിരിച്ചു. മതിമറന്ന് ചിര്ച്ചു. ഹാ! ആ അക്ഷരവടിവിന്റെ വളവും തിരിവും കുനിപ്പും വക്രതയും! എന്തൊരു ലിപിനിര്‍മ്മിതി!

ഉന്മാദലഹരിയില്‍ അത് ഓരോന്നോരോന്നായി കൊളുത്തില്‍നിന്ന് ഊരിയെടുത്ത് കൈയിലിട്ട് ഞെരടി വലിച്ചുനീട്ടി തന്തുക്കളാക്കി നിവര്‍ത്തിവയ്‌ക്കാന്‍ തുടങ്ങി അയാള്‍.
വലിച്ചുനീട്ടി വലിച്ചുനീട്ടി പുതിയ പുതിയ ആഖ്യാനനൂലുകള്‍ നൂറ്റെടുത്തുകൊണ്ടേയിരുന്നു. നൂറ്റെടുത്ത് നെയ്‌തെടുത്ത് തറ്റുടുത്ത് നോറ്റിരുന്ന് അയാള്‍ മനോരാജ്യംകൊണ്ടു.
വൈകാതെ പുറത്തു വരുമായിരിക്കും. തന്റെ ചേതന…
വിത്തില്‍നിന്ന് വേരെന്നപോല്‍… പ്യൂപ്പയില്‍നിന്ന് ശലഭം പോല്‍…
മണ്ണകം തപിച്ച് ലാവ പൊട്ടി ഒഴുകിയുറക്കും അചലം പോല്‍…
ചിന്തകളുടെ വ്രണം പൊട്ടി പരന്നൊഴുകും ചലം പോല്‍…

By admin