ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 116 റൺസിന് 6 വിക്കറ്റ് എന്ന നിലയിലാണ്. കെ.എൽ രാഹുൽ 25 റൺസും റിഷബ് പന്ത് 23 റൺസും ദേവ്ദത്ത് പടിക്കൽ 21 റൺസും നേടി പുറത്തായി.
ഒന്നാം ഇന്നിംഗ്സിൽ കിവീസ് 356 റൺസ് ആണ് നേടിയത്. ടോം ബ്ലണ്ടൽ 89 റൺസും ഡെവോൺ കോൺവേ 59 റൺസും നേടി ന്യൂസിലാൻഡ് നിരയിൽ തിളങ്ങി.
ഇന്ത്യക്കായി ആകാശ് ദീപ് 5 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 31.3 ഓവറിൽ 99 റൺസ് വിട്ടു നൽകിയാണ് ആകാശ് ദീപ് 5 വിക്കറ്റുകൾ നേടിയത്. അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ രണ്ട് വീതം വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
മത്സരത്തിൽ ഇന്ത്യക്കായി 26 ഓവറുകൾ എറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും ജസ്പ്രീത് ബുംറക്ക് നേടാൻ സാധിച്ചില്ല. തന്റെ കരിയറിൽ ഇത് മൂന്നാം തവണയാണ് ബുംറ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിൽ വിക്കറ്റുകൾ നേടാതെ പോകുന്നത്.
2021ൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെയാണ് ആദ്യമായി ബുംറക്ക് വിക്കറ്റ് നേടാൻ സാധിക്കാതെ പോയത്. പിന്നീട് അതേ വർഷം തന്നെ ലോഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലും താരത്തിന് വിക്കറ്റുകൾ നേടാൻ സാധിച്ചില്ല.
അതേസമയം, ഈ ടെസ്റ്റ് വിജയിക്കുന്നവർക്ക് പരമ്പര നേടാം. ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.