തിരുവനന്തപുരം: മെസിയെയും അര്‍ജന്റീന ഫുട്ബാള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.ജിഎസ്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ജിഎസ്ടിയുടെ പ്രത്യേക അന്വേഷണസംഘം നികുതി വെട്ടിപ്പില്‍ അന്വേഷണം നടത്തിയിരുന്നു. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലില്‍ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ കഴിഞ്ഞദിവസം നല്‍കിയിരുന്നു.
ഇതിലുള്‍പ്പെടെ അന്വേഷണം പൂര്‍ത്തിയാക്കിയാണ് പ്രാഥമിക റിപ്പോര്‍ട്ട് ജി എസ് ടി കമ്മീഷണര്‍ക്ക് നല്‍കിയത്. അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടില്‍ നികുതിവെട്ടിപ്പ് നടന്നെന്ന് ജിഎസ്ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.
സ്‌പോണ്‍സര്‍ കൈമാറിയ തുകയുടെ നികുതി ഈടാക്കിയിട്ടില്ല എന്നായിരുന്നു കണ്ടെത്തല്‍. 22 കോടിയോളം രൂപ നികുതി അടയ്‌ക്കേണ്ടിയിരുന്നു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ നികുതി വെട്ടിപ്പ് കണ്ടെത്തിയെങ്കിലും നികുതി ഈടാക്കാന്‍ കര്‍ശന നടപടി ഉണ്ടായില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയില്‍ അടക്കം ആണ് ഇപ്പോഴത്തെ അന്വേഷണം.