തന്റെ പുതിയ ചിത്രം ‘ടോക്‌സിക്’ കുട്ടികൾ കാണരുതെന്ന് നടൻ യഷ്. മുതിർന്ന പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ടുള്ള ചിത്രമാണിതെന്നും യഷ് വ്യക്തമാക്കി. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളും വയലൻസും സംബന്ധിച്ച ചർച്ചകൾക്കിടെയാണ് താരത്തിന്റെ പ്രതികരണം. ആക്ഷനും വയലൻസിനും ബോൾഡ് രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ കുട്ടികൾക്ക് അനുയോജ്യമല്ലെന്ന മുന്നറിയിപ്പുമായി യഷ് രംഗത്തെത്തിയത്. ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും താരം പറഞ്ഞു.
ഇന്ത്യ ടി.വിയുടെ ‘ആപ് കി അദാലത്’ പരിപാടിയിലായിരുന്നു യഷിന്റെ പ്രതികരണം. കുട്ടികൾ ചിത്രം കാണരുതെന്നും സിനിമ മുതിർന്ന പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും താരം വ്യക്തമാക്കി. എന്താണ് ശരിയും തെറ്റും എന്ന് തിരിച്ചറിയാനും എന്ത് കാണണം, എന്ത് സ്വീകരിക്കണം, ജീവിതത്തിൽ എന്ത് ഒഴിവാക്കണം എന്നിവ തീരുമാനിക്കാനും മുതിർന്നവർക്ക് കഴിയുമെന്നും യഷ് പറഞ്ഞു.
എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ എന്ന ചിത്രത്തിന്റെ ടാഗ്‌ലൈനിൽ തന്നെ മുതിർന്നവർക്കായുള്ള സിനിമയാണെന്ന സൂചനയുണ്ടെന്ന് യഷ് പറഞ്ഞു. ട്രെയ്‌ലറിൽ കാണുന്നതിന് അപ്പുറം ആഴത്തിലുള്ള കഥയാണ് ചിത്രത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രം ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തും.