• Fri. Aug 21st, 2026

24×7 Live News

Apdin News

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Byadmin

Aug 21, 2026



കൊച്ചി: ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള സ്വര്‍ണ്ണക്കടത്തും കരിപ്പൂരിലെ സ്വര്‍ണ്ണം പൊട്ടിക്കലും കൊടുവള്ളിക്കാരുടെ സ്വര്‍ണ്ണക്കടത്തും ഇതിനെല്ലാം പിന്തുണ നല്‍കുന്ന ദുബായുടെ പശ്ചാത്തലം തുടങ്ങി എല്ലാം കുത്തിനിറച്ച സിനിമയാണ് പൃഥ്വിരാജ് നായകനായ ബ്രഹ്മാണ്ഠ ചിത്രമായ ഖലീഫ. ഇതില്‍ പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ലുക്കും അഭിനയവും ജേക് സ് ബിജോയുടെ സ്കോറും മാറ്റിനിര്‍ത്തിയാല്‍ ശരാശരി സിനിമയെന്നാണ് വിലയിരുത്തല്‍.

ജിനു വി എബ്രഹാം ഒരു പുരാവസ്തു ഗവേഷകനെപ്പോലെയാണ് കഥ എഴുതിവെച്ചിരിക്കുന്നതെന്ന പരിഹാസമാണ് ഖലീഫയെക്കുറിച്ച് അശ്വന്ത് കോക്ക് ഉയര്‍ത്തുന്നത്. . തൊണ്ണൂറുകളിലൊക്കെ സ്ഥിരമായി പറഞ്ഞ കഥാകഥന രീതിയാണ് ജിനു വി എബ്രഹാം പിന്തുടര്‍ന്നിരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

അതേ സമയം പതിവ് ശൈലിയില്‍ നിന്നും വൈശാഖ് എന്ന സംവിധായകന്‍ വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ച സിനിമയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വനമോ ഗ്രാമമോ ഒന്നുമല്ലാതെ, അര്‍ബന്‍ ശൈലിയിലാണ് സിനിമ എടുത്തിരിക്കുന്നതെന്നും അതിനാല്‍ സിനിമയില്‍ ഒരു പുതുമയുണ്ടെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ക്യാമറാമാന്‍ ജോമോന്‍ ടി ജോണും അതിനൊത്ത് ഉയര്‍ന്നിട്ടുണ്ട്.

കുറച്ചുനാള്‍ മുന്‍പ് ഒരു ഫൈറ്റ് നടന്നിട്ട് എന്തായി…. എന്ന ഡയലോഗില്‍ തുടങ്ങുന്ന പൃഥ്വിരാജിന്റെ ഇന്‍ട്രോ എല്ലാം പ്രതീക്ഷിതമായ സീനുകളിലൂടെയാണ് അനാവരണം ചെയ്യപ്പെടുന്നത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

മമ്പറത്ത് അഹമ്മദ് അലിയായി ലാലേട്ടന്‍ വരുന്നുണ്ട്. ലൂസിഫറില്‍ അവസാനം ലാലേട്ടന്‍ വരുന്ന അതേ രീതിയിലാണ് ഖലീഫയിലും ലാലേട്ടനെ അവതരിപ്പിച്ചിരിക്കുന്നത്. മമ്പറത്ത് അഹമ്മദ് അലിയുടെ മകനായാണ് രണ്‍ജി പണിക്കര്‍ വരുന്നത്. രണ്‍ജി പണിക്കര്‍ പഞ്ചപ്പാവം അച്ഛനായി അഭിനയിച്ചിട്ടുള്ളതും വ്യത്യസ്തമായി. ഗൂര്‍ഖയായി അഭിനയിച്ച നേപ്പാളിയുടെ ഫൈറ്റ് സീനുകള്‍ അപാരമായിട്ടുണ്ട്. ഷമ്മി തിലകനും കസറിയിട്ടുണ്ട്. ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കുറെ മാപ്പിളപ്പാട്ടുകള്‍ കുത്തിനിറച്ചിട്ടുണ്ട്. കത്തിയിലെ വില്ലനായി നിതിന്‍ നിതീഷും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. സ്വപ്ന സുരേഷായി അഭിനയിച്ച സിനോജ സോമനാഥനും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

ആക്ഷന്‍ സീക്വന്‍സ് പ്രത്യേക കോറിയോഗ്രാഫ് ചെയ്തിട്ടുള്ളത് എടുത്തുപറയണം. മാസ് ഡയലോഗ് വേണം, ആക്ഷന്‍ സീക്വന്‍സ് വേണം തുടങ്ങിയ സ്ഥിരം ഫോര്‍മുല തന്നെ ആവര്‍ത്തിച്ചിരിക്കുന്നു.

By admin