• Thu. Nov 12th, 2026

24×7 Live News

Apdin News

യുഗേ യുഗീന്‍ ഭാരത് മ്യൂസിയത്തിന് 3230 കോടിയുടെ പദ്ധതി

Byadmin

Nov 12, 2026



ന്യൂദല്‍ഹി: പഴയ പാര്‍ലമെന്റിന്റെ നോര്‍ത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയത്തില്‍ യുഗേ യുഗീന്‍ ഭാരത് മ്യൂസിയം വികസിപ്പിക്കും. ഇതിന് 3,230 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1,78,509 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മ്യൂസിയത്തില്‍ സമകാലിക മ്യൂസിയം രീതികള്‍, ആധുനിക സാങ്കേതികവിദ്യകള്‍, സന്ദര്‍ശക കേന്ദ്രീകൃത വിശദീകരണങ്ങള്‍ എന്നിവ കോര്‍ത്തിണക്കി ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര മ്യൂസിയമാക്കുകയാണ് ലക്ഷ്യം.

നോര്‍ത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങളുടെ വാസ്തുവിദ്യാ സവിശേഷതകളും പൈതൃക പ്രാധാന്യവും നിലനിര്‍ത്തിക്കൊണ്ടാകും മ്യൂസിയം. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യങ്ങള്‍, കല, പൈതൃകം എന്നിവയുടെ പ്രത്യേക പ്രമേയാധിഷ്ഠിത ഗാലറികളും പ്രദര്‍ശനങ്ങളുമുണ്ടാകും. 2023 മേയ് 18നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഗേ യുഗീന്‍ ഭാരത് മ്യൂസിയം പ്രഖ്യാപിച്ചത്.

സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ പദ്ധതി തുടരാന്‍ 4111 കോടി രൂപയുടെ ക്രെഡിറ്റ് ഗാരന്റി കോര്‍പ്പസിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്കിടെ കുറഞ്ഞത് 2.5 ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താനാണ് പദ്ധതി ലക്ഷ്യം.

പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ മൈക്രോ യൂണിറ്റുകള്‍ക്കായി 5000 കോടിയുടെ ഗാരന്റി ഫണ്ടിനും അംഗീകാരം നല്‍കി. അതിനൊപ്പം നോയിഡയില്‍ നിന്നും ഗ്രേറ്റര്‍ നോയിഡയിലേക്ക് മെട്രോ റെയിലിനായി 2390 കോടിയുണ്ട്. കര്‍ഷകര്‍ക്ക് വളങ്ങളുടെ സബ്‌സിഡി ഉള്‍പ്പെടെ 77,101 കോടിയുടെ പദ്ധതികള്‍ക്കാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

By admin