
തിരുവനന്തപുരം: കേരളത്തിലെ യൂത്ത് കോൺഗ്രസ് തലപ്പത്തേക്ക് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുന്നോട്ടുവെച്ച പേര് തന്റേതായിരുന്നുവെന്ന് നേതാവ് ജെ.എസ്. അഖിൽ വെളിപ്പെടുത്തി. എന്നാൽ അവസാന നിമിഷം ആ നിർദേശം മാറ്റിമറിച്ചാണ് മറ്റൊരാളെ ആ സ്ഥാനത്ത് എത്തിച്ചതെന്നും അഖിൽ പറഞ്ഞു.രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങൾ ചർച്ചയായതോടെയാണ് അഖിൽ ഇക്കാര്യം തുറന്നുപറഞ്ഞത്.
ആശുപത്രിക്കിടക്കയിൽ നിന്ന് പോലും ഉമ്മൻചാണ്ടി തന്റെ പേര് എഴുതി നൽകിയിരുന്നുവെന്നാണ് ഉണ്ണിത്താൻ പറഞ്ഞത്. ഷാഫി പറമ്പിലിന്റെ ഇടപെടലിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിന് പദവി ലഭിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെങ്കിലും സംഘടനയ്ക്ക് ക്ഷതമേൽക്കാതിരിക്കാനാണ് അന്ന് മൗനം പാലിച്ചതെന്ന് അഖിൽ വിശദീകരിച്ചു.
താൻ ആഗ്രഹിച്ച കാര്യം നടപ്പാകാതെ പോയതിൽ ഉമ്മൻചാണ്ടിയും ഏറെ മനസ്താപം അനുഭവിച്ചിരുന്നുവെന്നും അഖിൽ ഓർമ്മിച്ചു.മനഃപൂർവം തന്നെ ചില ചുമതലകളിൽ നിന്ന് മാറ്റിനിർത്തുന്നതായി തോന്നിയിട്ടുണ്ടെങ്കിലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകില്ലെന്നും പാർട്ടിയോടൊപ്പം തന്നെ നിൽക്കുമെന്നും അഖിൽ വ്യക്തമാക്കി. നേതാക്കളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണം നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴക്കൂട്ടത്ത് ഉണ്ടായ തോൽവിയുടെ കാരണങ്ങൾ പാർട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്നും അഖിൽ ചൂണ്ടിക്കാട്ടി.ഉമ്മൻചാണ്ടിയുടെ കുറിപ്പ് ചവറ്റുകുട്ടയിൽ എറിഞ്ഞാണ് അടൂർ സ്വദേശിയെ അധ്യക്ഷനാക്കിയതെന്നായിരുന്നു ഉണ്ണിത്താന്റെ വിമർശനം. രാഹുലിനെയും ഷാഫിയെയും കടുത്ത വാക്കുകളിലാണ് അദ്ദേഹം വിമർശിച്ചത്.