• Sat. Aug 8th, 2026

24×7 Live News

Apdin News

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

Byadmin

Aug 8, 2026


ത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ത്രിവേണി സംഗമത്തിനും പ്രയാഗ്‌രാജ് കോട്ടയ്‌ക്കും സമീപമുള്ള അതിപ്രശസ്ത ഭൂഗര്‍ഭക്ഷേത്രമായ ബഡേ ഹനുമാന്‍ മന്ദിറിന് രാമായണ കഥാസന്ദര്‍ഭവുമായി നേരിട്ടൊരു ബന്ധമുണ്ട്. ക്ഷേത്ര ഗര്‍ഭഗൃഹത്തില്‍ കിടക്കുന്ന രീതിയിലാണ്(Lying postur) ഹനുമാന്‍ സ്വാമിയുടെ 20 അടിയോളം നീളമുള്ള ശിലാവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രത്യേകത ഇതാണ്.

ഹനുമാന്‍ ഉറച്ചുനില്‍ക്കുന്നതോ ആകാശമാര്‍ഗേ പോകുന്നതോ ആയ രൂപമാണ് പൊതുവേ കാണാറുള്ളത്. എന്നാല്‍ ഭൂനിരപ്പിനും താഴെ പ്രതിഷ്ഠിച്ചിരിക്കുന്ന ശയന ഹനുമാന്‍ വിഗ്രഹം കാലം ഒരു പ്രത്യേക ബിന്ദുവില്‍ ഉറഞ്ഞുപോയ ഒരു ദൃശ്യപ്രതീതിയാണ് ഇവിടെയെത്തുന്ന ഭക്തര്‍ക്കു സമ്മാനിക്കുക. എന്തുകൊണ്ടാണ് ഹനുമാന്‍ ഇവിടെ ശയനരൂപത്തിലായത്? ഈ ചോദ്യത്തിലാണ് നാം രാമായണ കഥാസന്ദര്‍ഭവുമായി ക്ഷേത്രത്തിനുള്ള ബന്ധത്തിലേക്ക് എത്തുക.

ഐതിഹ്യമനുസരിച്ച്, ലങ്ക ദഹിപ്പിച്ച ശേഷം ഹനുമാന്‍ വാലിലെ തീ അണയ്‌ക്കാന്‍ ഇവിടേക്കെത്തിയെന്നാണ്. അപ്പോഴും വാലില്‍ തീ എരിയുന്നുണ്ടായിരുന്നു. അത് ത്രിവേണി സംഗമത്തിലെ പുണ്യജലത്തില്‍ മുക്കിയപ്പോള്‍ ഭൂമിയുടെ ആഴങ്ങളിലേക്ക് അഗ്‌നി വ്യാപിച്ചുവെന്നാണ്. അതിനാലാണ് ഇവിടേക്കെത്തുന്ന ഭക്തര്‍ക്ക് രാമകഥയിലെ അതിശക്തമായ ഒരു നിമിഷവുമായി തങ്ങള്‍ ബന്ധിക്കപ്പെടുന്നു എന്നും ആ പുരാണസമയബിന്ദുവില്‍ കാലം നിശ്ചലമാകുന്നു എന്നും ഇപ്പോഴും തോന്നുന്നത്.

ഈ ഹനുമദ് വിഗ്രഹത്തിന്റെ വാല്‍ അളന്നു തിട്ടപ്പെടുത്താനാവാത്തവിധം ഭൂഗര്‍ഭത്തിലേക്ക് നീണ്ടുകിടക്കുന്നുവെന്നാണ് വിശ്വാസം. ബ്രിട്ടീഷ് ഭരണകാലത്ത് വിഗ്രഹത്തിന്റെ വാലറ്റം കണ്ടെത്താന്‍ ആഴത്തില്‍ കുഴിച്ചെങ്കിലും വാലിന് ഒരവസാനവും കണ്ടെത്താനായില്ലെന്ന് ഇവിടുത്തുകാര്‍ പറയുന്നു.

എല്ലാ വര്‍ഷവും വെള്ളപ്പൊക്കത്തില്‍ ഈ ക്ഷേത്രം വെള്ളത്തിനടിയിലാകും. എങ്കിലും ക്ഷേത്രത്തിനുള്ളില്‍, ഗര്‍ഭഗൃഹത്തില്‍ ഒരു ദിവ്യജ്വാല അണയാതെ തെളിയുന്നത് തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് ഒട്ടേറെ ഭക്തര്‍ അവകാശപ്പെടുന്നു. നിറഞ്ഞ വെള്ളത്തിലും അണയാത്ത ഈ ജ്യോതിയെ ഭക്തര്‍ അതിദിവ്യമായി കരുതുന്നു. ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന വിശ്വാസത്തിന്റെ ക്രരുത്തും പതീകവുമായി ഇത് മാറുന്നു.

പ്രയാഗ്‌രാജിലെ കുംഭമേളയോ മാഘമേളയോ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ ഇവിടടെക്കൂടി ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുണ്യസ്നാനം പൂര്‍ണ്ണമാകൂ എന്നാണ് വിശ്വാസം.



By admin