വാഷിങ്ടൻ: റഷ്യയിൽ നിന്നും ഇറാനിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന അമേരിക്കൻ ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്നാണ് അറിയിച്ചത്. ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നത് തടയാനാണ് 30 ദിവസത്തെ താൽക്കാലിക ഇളവ് ഇന്ത്യക്ക് നൽകിയിരുന്നത്.
യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇറാനിയൻ എണ്ണയ്‌ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.
അമേരിക്കയുടെ നിർണായക പങ്കാളിയായ ഇന്ത്യ, ഇനിമുതൽ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രഷറി സെക്രട്ടറി പറഞ്ഞു. ആഗോള ഊർജ്ജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും യുഎസ് ട്രഷറി സെക്രട്ടറി സൂചിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉപരോധങ്ങൾ കർശനമാക്കുന്നത് വിപണിയിൽ സമ്മർദ്ദമുണ്ടാക്കിയേക്കാം. എങ്കിലും രാജ്യത്ത് മതിയായ വിതരണമുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കാനുള്ള തന്ത്രങ്ങൾ കൈവശമുണ്ടെന്നുമാണ് സർക്കാർ നിലപാട്.