വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നാലാം ടി-20യിൽ ഇന്ത്യക്കായി മിന്നും പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ചത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ വെറും 20 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയാണ് സഞ്ജു വീണ്ടും കരുത്തുകാട്ടിയത്. സഞ്ജു 23 പന്തിൽ 56 റൺസാണ് സ്വന്തമാക്കിയത്. 6 ഫോറുകളും 4 സിക്സും അടങ്ങുന്നതാണ് ഇന്നിംഗ്സ്.
ഈ വെടിക്കെട്ടിന് പിന്നാലെ ടി-20യിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുന്ന താരമായി സഞ്ജു മാറി. മത്സരം തുടങ്ങി 3.4 ഓവർ ആയപ്പോഴേക്കും സഞ്ജു ഫിഫ്റ്റി കടന്നു.
നമീബിയൻ താരം ജാൻ ഫ്രൈലിങ്കിന്റെ റെക്കോർഡിനൊപ്പമാണ് സഞ്ജുവെത്തിയത്. 2025ൽ സിംബാബ്വെക്കെതിരെയായിരുന്നു ഫ്രൈലിങ്കി 3.4 ഓവറിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. എന്നാൽ ടെസ്റ്റ് പദവിയുള്ള രാജ്യത്ത് നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം സഞ്ജുവാണ്.


അതേസമയം സഞ്ജു റെക്കോർഡ് പ്രകടനം നടത്തിയെങ്കിലും ഇന്ത്യ പരാജയപ്പെട്ടു. മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.
നായകൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് കൂറ്റൻ ടോട്ടൽ നേടിയത്. 50 പന്തിൽ പുറത്താകാതെ 102 റൺസാണ് ഹോപ്പ് നേടിയത്. മത്സരത്തിൽ വിൻഡീസ് ബൗളിംഗിൽ കീമോ പോളിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് (41 റൺസിന് 5 വിക്കറ്റ്) കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയെ തടഞ്ഞുനിർത്തിയത്. ഗുഡാകേഷ് മോട്ടിയും വിൻഡീസിനായി മികച്ച ബോളിങ് കാഴ്ചവെച്ചു.
ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി. പരമ്പരയിലെ നിർണായകമായ അവസാന പോരാട്ടം നാളെ ബെംഗളൂരുവിൽ നടക്കും. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.