• Mon. Aug 17th, 2026

24×7 Live News

Apdin News

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Byadmin

Aug 17, 2026


തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ വന്ദേമാതരം ആലപിക്കാതിരുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നിലേക്ക് പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ മുഹമ്മദലി ജിന്നയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും കോലം കത്തിച്ചു.

എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയുടെ വിഭജനത്തിന് നേതൃത്വം നൽകിയ മുഹമ്മദലി ജിന്നയുടെ അതേ നിലപാടാണ് കേരളത്തിൽ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദ്ദത്തിന് വഴങ്ങി വി.ഡി. സതീശൻ പിന്തുടരുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചപ്പോൾ കേരളത്തിൽ മാത്രം വന്ദേമാതരം ആലപിക്കാൻ തയ്യാറാകാതിരുന്നത് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മതമൗലികവാദികളുടെ സമ്മർദ്ദത്തെ ഭയന്നുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും ദേശീയബോധത്തിലും സുപ്രധാന സ്ഥാനമുള്ള വന്ദേമാതരത്തെ അവഹേളിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ മുസ്ലിം ലീഗിൻ നേതൃത്വത്തിൽ വിഘടനവാദത്തിന് കോപ്പുകൂട്ടുകയാണെന്നും ഇതിനെ കണ്ടുകൊണ്ട് നിശ്ശബ്ദരായി നിൽക്കാൻ ബിജെപിക്കോ യുവമോർച്ചയ്‌ക്കോ കഴിയില്ല. 1930-കളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ആത്മാവായിരുന്ന വന്ദേമാതരത്തെയും ഇന്ത്യയെയും വെട്ടിമുറിക്കാൻ നേതൃത്വം നൽകിയ മുഹമ്മദലി ജിന്നയുടെ രാഷ്‌ട്രീയത്തിന്റെ ആവർത്തനമാണ് കേരളത്തിൽ നടക്കുന്നത്.

വന്ദേമാതരത്തെ അവഹേളിക്കുകയും അത് ആലപിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരായ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിഷേധ മാർച്ച് കോലം കത്തിക്കൽ പ്രതിഷേധവും യുവമോർച്ച സംഘടിപ്പിച്ചത് .

രാജ്യത്തിന്റെ ദേശീയതയെയും ഐക്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്നും, വന്ദേമാതരത്തെ അവഹേളിക്കുന്ന സമീപനം തിരുത്തുന്നതുവരെ സമരം തുടരുമെന്നും യുവമോർച്ച നേതാക്കൾ അറിയിച്ചു.

പ്രതിഷേധത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോവിനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിജിൽ, സംസ്ഥാന സെക്രട്ടറി എ.എസ്. അഖിൽ, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മൂക്കമ്പാലമൂട് ബിജു, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ
നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ. രജികുമാർ ഉൾപ്പെടെയുള്ള നേതാക്കന്മാരും നിരവധി പ്രവർത്തകരും പങ്കെടുത്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.



By admin