• Mon. Aug 17th, 2026

24×7 Live News

Apdin News

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Byadmin

Aug 17, 2026


80-ാം സ്വാതന്ത്ര്യദിന നിറവിലാണ് രാജ്യം. ഓരോ ഹൃദയമിടിപ്പിലും വന്ദേമാതര മന്ത്രം പ്രതിധ്വനിക്കുന്നു. ചരിത്രത്തിലാദ്യമായി ആഗസ്ത് 15-ന് ചെങ്കോട്ടയില്‍ വന്ദേമാതരം പ്രതിധ്വനിച്ചു. രാജ്യം പുതിയ നിശ്ചയദാര്‍ഢ്യത്തോടെയും, ആവേശത്തോടെയും പുതുക്കിയ ഊര്‍ജത്തോടെയും മുന്നേറുകയാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പരമോന്നത ത്യാഗം സഹിച്ച മഹാരഥരായ പുത്രീപുത്രന്മാരെ രാജ്യം ഇന്ന് ഭക്തിപൂര്‍വം ഓര്‍ക്കുന്നു.

അടുത്തിടെ രാജ്യത്തുണ്ടായ കടുത്ത പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉറച്ചുനില്‍ക്കുന്നു. ആ പ്രയാസങ്ങള്‍ക്കിടയിലും, സ്വാതന്ത്ര്യത്തിനായി ജീവന്‍ അര്‍പ്പിച്ച മഹദ്വ്യക്തികളുടെ ത്യാഗം സ്മരിച്ചുകൊണ്ട് നാം മുന്നോട്ട് പോയേ തീരൂ. ഇനി ചെറിയ സ്വപ്‌നങ്ങള്‍ കണ്ട് മന്ദഗതിയില്‍ സഞ്ചരിക്കാന്‍ ഭാരതത്തിനാവില്ല. ചിന്തകളെ വികസിപ്പിക്കാനും കാഴ്ചപ്പാടുകളുടെ വ്യാപ്തി വര്‍ധിപ്പിക്കാനും വലിയ സ്വപ്‌നങ്ങള്‍ കാണേണ്ടതുണ്ട്.

‘വികസിത ഭാരതം 2047’: 140 കോടിയുടെ ശക്തി
2047-ല്‍ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കാനാണ് രാജ്യം ഒരുങ്ങുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഈ ലക്ഷ്യത്തിന് അടിത്തറ പാകുന്നു:

ദാരിദ്ര്യ നിര്‍മാര്‍ജനം: 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടി.

സാമ്പത്തിക കുതിപ്പ്: ‘ദുര്‍ബലമായ അഞ്ച്’ സമ്പദ്വ്യവസ്ഥകളില്‍ നിന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഭാരതം മാറി.

നിര്‍മാണമേഖല: പ്രതിരോധ ഉല്‍പ്പാദനം 4 മടങ്ങും, ഖാദി-ഗ്രാമവ്യവസായ ഉല്‍പ്പാദനം 5 മടങ്ങും, ഇലക്ട്രോണിക്‌സ് നിര്‍മാണം 7 മടങ്ങും, റെയില്‍വേ കോച്ചുകള്‍ 21 മടങ്ങും, മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം 35 മടങ്ങും വര്‍ധിച്ചു.

ഡിജിറ്റല്‍ കുതിപ്പ്: ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 4 മടങ്ങും, അനുവദിച്ച പേറ്റന്റുകള്‍ 4 മടങ്ങും, ഡിജിറ്റല്‍ ഇടപാടുകള്‍ 100 മടങ്ങും വര്‍ധിച്ചു.

അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും: ഗ്യാസ് കണക്ഷന്‍ 6 മടങ്ങ് വേഗതയിലും, കുടിവെള്ള കണക്ഷന്‍ 15 മടങ്ങ് വേഗതയിലും നല്‍കി. ശൗചാലയ നിര്‍മാണം 4 മടങ്ങും ഭവന നിര്‍മാണം 3 മടങ്ങും വേഗത്തിലായി. റെയില്‍വേ വൈദ്യുതീകരണം കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് 100% പൂര്‍ത്തിയാക്കി.

നൂതന സാങ്കേതികവിദ്യ: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയും ഇന്ധന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുകയും ചെയ്തു.

സ്വയംപര്യാപ്തതയും ഊര്‍ജ സുരക്ഷയും
ആഗോള പ്രതിസന്ധികളും കോവിഡ്, യുദ്ധം തുടങ്ങിയ അപ്രതീക്ഷിത വെല്ലുവിളികളും നേരിടുമ്പോഴും കര്‍ഷകര്‍ക്കും പൗരന്മാര്‍ക്കും തടസ്സമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഭാരതത്തിന് സാധിച്ചു. അന്താരാഷ്‌ട്ര വിപണിയില്‍ യൂറിയയുടെ വില 3,000 രൂപയും ഡിഎപി വില 5,000 രൂപയുമായി ഉയര്‍ന്നപ്പോഴും, കര്‍ഷകര്‍ക്ക് യഥാക്രമം 300 രൂപയ്‌ക്കും 1,350 രൂപയ്‌ക്കും ലഭ്യമാക്കി.

സെമികണ്ടക്ടര്‍ മേഖല: മൂന്ന് പ്രധാന സെമികണ്ടക്ടര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം
ആരംഭിക്കുകയും കയറ്റുമതി തുടങ്ങുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാകും.

നിര്‍ണായക ധാതുക്കള്‍: ‘ദേശീയ നിര്‍ണായക ധാതു ദൗത്യം’, ബജറ്റിലെ ‘നിര്‍ണായക ധാതു ഇടനാഴി’ പ്രഖ്യാപനം എന്നിവയിലൂടെ വിദേശ ആശ്രയത്വം കുറയ്‌ക്കുന്നു.

ഊര്‍ജ സുരക്ഷ: 2047-ാടെ 100 ജിഗാവാട്ട് ആണവോര്‍ജം ലക്ഷ്യമിടുന്നു. ഇതിനായി ശാന്തി നിയമം പാസാക്കുകയും ഫാസ്റ്റ് ബ്രീഡര്‍ ആണവ സാങ്കേതികവിദ്യയില്‍ നാഴികക്കല്ല് പിന്നിടുകയും ചെയ്തു.

നഗരങ്ങളില്‍ പൈപ്പ് ഗ്യാസ്: 2014-ല്‍ 70 നഗരങ്ങളില്‍ ഉണ്ടായിരുന്ന പൈപ്പ് ഗ്യാസ് സംവിധാനം 700 നഗരങ്ങളിലേക്കായി വികസിപ്പിച്ചു. സൗരോര്‍ജ ശേഷി 2 ജിഗാവാട്ടില്‍ നിന്ന് 160 ജിഗാവാട്ടിലേക്ക് ഉയര്‍ത്തി. ‘പിഎം സൂര്യഘര്‍ സൗജന്യ വൈദ്യുതി പദ്ധതി’യിലൂടെ 50 ലക്ഷം വീടുകളില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിച്ചു വരുന്നു.

സമുദ്രപര്യവേക്ഷണം: തീരദേശത്തിന്റെ 99% നിയന്ത്രിത മേഖലയായിരുന്ന സ്ഥിതി മാറി ‘സമുദ്ര മന്ഥന്‍’ പ്രഖ്യാപിക്കുകയും പര്യവേക്ഷണങ്ങള്‍ക്കായി 85,000 കോടി രൂപ വകയിരുത്തുകയും ചെയ്തു.

ആഗോള വ്യാപാരവും അന്താരാഷ്‌ട്ര ബന്ധങ്ങളും

2014-നു ശേഷം 40-ഓളം രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഭാരതം ഒപ്പുവച്ചു. ലുധിയാന മുതല്‍ തിരുപ്പൂര്‍ വരെയുള്ള വസ്ത്രമേഖലയ്‌ക്കും, കേരളം മുതല്‍ ഗുജറാത്ത് വരെയുള്ള തീരദേശത്തെ കൊഞ്ചു-സമുദ്രോല്‍പ്പന്ന കയറ്റുമതിക്കും ഇത് വന്‍ അവസരങ്ങളാണ് തുറന്നുനല്‍കുന്നത്.

വികസനത്തിന്റെ ‘സപ്തധാര’ പരിഷ്‌കരണ എക്‌സ്പ്രസ്സിലൂടെ അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ രാജ്യം കൈവരിക്കേണ്ട ഏഴ് പ്രധാന ശക്തിപ്രവാഹങ്ങള്‍ താഴെ പറയുന്നവയാണ്:

ഉല്‍പ്പാദനശക്തി: ഡിസൈന്‍ മുതല്‍ ഉല്‍പ്പാദനം വരെയുള്ള മൂല്യശൃംഖല സ്വന്തമാക്കുക. ‘സീറോ ഡീഫെക്ട്’ ഉല്‍പ്പന്നങ്ങള്‍ വഴി ‘ഗുണനിലവാരം’ എന്നത് ഭാരതത്തിന്റെ ബ്രാന്‍ഡ് മൂല്യമാക്കുക.

കാര്‍ഷിക ശക്തിയും ഭക്ഷ്യോല്‍പ്പാദനവും: കൃഷിയിടത്തില്‍നിന്ന് കയറ്റുമതി വിപണിയിലേക്ക് വളരുക. ചെറുധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍ എന്നിവ ആഗോള ബ്രാന്‍ഡുകളാക്കുക. രാസമുക്ത കൃഷി പ്രോത്സാഹിപ്പിക്കുക.
സാങ്കേതികവിദ്യയും നൂതനാശയങ്ങളും: നിര്‍മിത ബുദ്ധി, ക്വാണ്ടം, റോബോട്ടിക്‌സ്, ഡേറ്റാ സെന്ററുകള്‍ എന്നിവയില്‍ മുന്‍പന്തിയിലെത്തുക. യുപിഐ, ഡിജിറ്റല്‍ പൊതു സാങ്കേതികവിദ്യകള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുക. ഭാരതത്തില്‍ നിര്‍മിച്ച ‘6ജി’ ലോകത്തെമ്പാടും എത്തിക്കുക.

ഗതിശക്തി: അതിവേഗ റെയില്‍ശൃംഖല, ബഹുതല ലോജിസ്റ്റിക്‌സ്, ഉള്‍നാടന്‍ ജലപാതകള്‍, വിമാനത്താവളങ്ങള്‍ എന്നിവ വ്യാപിപ്പിക്കുക. തുറമുഖങ്ങളെ തുറമുഖാധിഷ്ഠിത വികസന കേന്ദ്രങ്ങളാക്കി മാറ്റുക.

രക്ഷാശക്തി: പ്രതിരോധ മേഖലയില്‍ സമ്പൂര്‍ണ സ്വയംപര്യാപ്തത കൈവരിക്കുക. ഡ്രോണ്‍, കൗണ്ടര്‍-ഡ്രോണ്‍, ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യകളില്‍ നേതൃത്വം വഹിക്കുക. ശക്തമായ സൈബര്‍ സുരക്ഷാ ശൃംഖല ഉറപ്പാക്കുക.

ഹരിത സമ്പദ്വ്യവസ്ഥയും സമുദ്ര സമ്പദ്വ്യവസ്ഥയും : ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജ്ജം, ഹരിത തൊഴിലവസരങ്ങള്‍ എന്നിവ സൃഷ്ടിക്കുക. നീളമേറിയ സമുദ്രതീരം പ്രയോജനപ്പെടുത്തി മത്സ്യബന്ധനവും തീരദേശ വിനോദസഞ്ചാരവും വികസിപ്പിക്കുക.

മൃദുശക്തി: യോഗ, ആയുര്‍വേദം, ‘ഹീല്‍ ഇന്‍ ഇന്ത്യ’ പദ്ധതികള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കുക. വി.എഫ്.എക്‌സ്, ആനിമേഷന്‍, ഗെയിമിംഗ്, ‘വേവ്‌സ്’ ഉച്ചകോടി തുടങ്ങിയ സംരംഭങ്ങളിലൂടെ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയെ വളര്‍ത്തുക. വന്യജീവി-സാംസ്‌കാരിക വിനോദസഞ്ചാരം, കായിക മേളകള്‍, സംഗീത കച്ചേരികള്‍ എന്നിവയ്‌ക്കായി ആഗോള നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.

സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത്, ഏഴ് ശക്തിപ്രവാഹങ്ങളെ അണിനിരത്തി 140 കോടി ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തോടെ രാജ്യം ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ്.

വികസിത ഭാരതം: ലക്ഷ്യങ്ങളിലേക്ക് യുവശക്തിയുടെ നേതൃത്വത്തില്‍ ഒരു ആഗോള കുതിപ്പ് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല ഒരു രാജ്യത്തിന്റെ പുരോഗതി; ഓരോ പൗരന്റെയും പങ്കാളിത്തത്തിലൂടെയാണ് ഒരു രാഷ്‌ട്രം വളരുന്നത്. കഴിഞ്ഞുപോയ കാലഘട്ടത്തിലെ നയങ്ങളും നിയമങ്ങളും മാറ്റിവെച്ച്, ഭാവിയിലെ സ്വപ്‌നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. 2047-ാടെ ‘വികസിത ഭാരതം’ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യവസായ മേഖലയും ഒറ്റക്കെട്ടായി മുന്നേറേണ്ട സമയമാണിത്.

ആഗോളതലത്തില്‍ ഭാരതത്തിന്റെ സാന്നിധ്യം
അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തിലെ മുന്‍നിര മേഖലകളില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ ഭാരതം ലക്ഷ്യമിടുന്നു:

വ്യാപാര-ബാങ്കിംഗ് മേഖല: ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ കുറഞ്ഞത് 50 എണ്ണമെങ്കിലും ഭാരതത്തില്‍ നിന്നുള്ളതായിരിക്കണം. ലോകത്തിലെ ആദ്യ അഞ്ച് ബാങ്കുകളില്‍ ഒന്നായി ഒരു ഇന്ത്യന്‍ ബാങ്കിന്റെ കൊടി ഉയര്‍ന്നു പറക്കണം.

ഔഷധ നിര്‍മ്മാണം: ആഗോളതലത്തിലെ ഏറ്റവും വലിയ അഞ്ച് ഔഷധ നിര്‍മ്മാണ കമ്പനികളില്‍ ഭാരതത്തിന് നിര്‍ണ്ണായക സ്ഥാനമുണ്ടാകണം.

സേവന മേഖല: കണ്‍സള്‍ട്ടിങ്, അക്കൗണ്ടിംഗ്, സാങ്കേതികവിദ്യാ മേഖലകളില്‍ ആഗോള നേതൃത്വം കൈവരിക്കുകയും ലോകത്തെ ആകര്‍ഷിക്കുന്ന ബ്രാന്‍ഡുകള്‍ ഭാരതം നിര്‍മ്മിക്കുകയും വേണം.

യുവശക്തിയും അവസരങ്ങളുടെ വിപുലീകരണവും

വികസിത ഭാരതത്തിലേക്കുള്ള യാത്രയിലെ ഏറ്റവും വലിയ ശക്തിയും ഗുണഭോക്താക്കളും രാജ്യത്തെ യുവാക്കളാണ്. യുവാക്കളുടെ ക്ഷേമത്തിനായി കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ കൈവരിച്ച പ്രധാന മുന്നേറ്റങ്ങള്‍:

സ്റ്റാര്‍ട്ടപ്പുകളും നൈപുണ്യ വികസനവും: 2.5 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുണ്ട്. ഗവേഷണങ്ങള്‍ക്കും നവീനാശയങ്ങള്‍ക്കുമായി 1 ലക്ഷം കോടി രൂപയുടെ ‘ഇന്നൊവേഷന്‍ ഫണ്ട്’ പ്രഖ്യാപിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് എ.ഐ നൈപുണ്യ പരിശീലനം നല്‍കും.

വിദ്യാഭ്യാസ-ഗവേഷണ രംഗം: സര്‍വ്വകലാശാലകളുടെ എണ്ണം 1,000-ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. മെഡിക്കല്‍ കോളേജുകളുടെ എണ്ണം 850 ആയി ഉയര്‍ന്നു. 10,000-ത്തിലധികം അടല്‍ ടിങ്കറിംഗ് ലാബുകള്‍ സജ്ജമാക്കി. വിവിധ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ സൗജന്യ ഓണ്‍ലൈന്‍ കോച്ചിംഗ് ശൃംഖല കെട്ടിപ്പടുക്കും.

പുതിയ മേഖലകളിലെ മുന്നേറ്റം: ജൈവ സമ്പദ്വ്യവസ്ഥ 20 ലക്ഷം കോടി രൂപയിലേക്ക് വളര്‍ന്നു. വിദേശത്തേക്ക് പ്രതിരോധ കയറ്റുമതി 50 മടങ്ങ് വര്‍ദ്ധിക്കുകയും ‘മെയ്ഡ് ഇന്‍ ഇന്ത്യ’ സി-295 വിമാനം വിജയകരമായി പറന്നുയരുകയും ചെയ്തു.

ഡ്രോണുകള്‍ വഴി ഗ്രാമങ്ങളില്‍ ‘സ്വാമിത്വ’ പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയാണ്. ഏകദേശം 3.25 കോടി കുടുംബങ്ങള്‍ക്ക് സ്വാമിത്വ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്, ഇതിന്റെ ഫലമായി ഏകദേശം 140 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ വ്യക്തമാക്കപ്പെട്ടു. ഇത് ബാങ്കുകളില്‍ നിന്ന് വായ്‌പകള്‍ നേടാനും സ്വന്തമായി ബിസിനസ്സുകള്‍ ആരംഭിക്കാനും
ജനങ്ങളെ പ്രാപ്തരാക്കുന്നു.

കായികരംഗവും 2036 ഒളിമ്പിക്‌സ് ലക്ഷ്യവും
2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താനും ഭാരതം സജ്ജമാകുകയാണ്.

പ്രതിഭാ പര്യവേക്ഷണം: ആഗോളതലത്തില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ 40-ഓളം വ്യത്യസ്ത കായിക ഇനങ്ങളിലായി ഏകദേശം 325350 മത്സരങ്ങളാണുള്ളത്.

നിലവില്‍ ആഗോള മത്സരങ്ങളില്‍ ഭാരതം പങ്കെടുകാത്ത മൂന്നില്‍ രണ്ട് കായിക ഇനങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കാന്‍ 5-നും 15-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി രാജ്യത്തുടനീളം വിപുലമായ കായിക പ്രതിഭാ പര്യവേക്ഷണം ആരംഭിക്കും.

സാമൂഹിക സുരക്ഷയും സ്ത്രീശക്തിയും
സാമൂഹിക സുരക്ഷ: കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ 100 കോടി പൗരന്മാര്‍ക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ നല്‍കാന്‍ സാധിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ പാ
വപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ വൈദ്യചെലവ് ലാഭിക്കാന്‍ സാധിച്ചു.

സ്ത്രീ ശാക്തീകരണം: ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തിക്കൊണ്ട് 3 കോടിയെന്ന ലക്ഷ്യം മറികടന്ന് ഇപ്പോള്‍ 6 കോടി ‘ലഖ്പതി ദീദിമാരെ’ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. നിയമസഭകളിലും ലോക്സഭയിലും സ്ത്രീകള്‍ക്ക് 33% പ്രാതിനിധ്യം ഉറപ്പാക്കുന്ന ‘നാരി ശക്തി വന്ദന്‍ അധീനിയം’ വേഗത്തില്‍ നടപ്പിലാക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്.

നമുക്ക് ആ സ്ത്രീശക്തിയുടെ ഉപാസകരാകാം. അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും, നിയമസഭകളിലും ലോക്സഭയിലും നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും എത്രയും വേഗം 33% പ്രാതിനിധ്യം ഉറപ്പാക്കാനും നമുക്ക് മുന്നോട്ട് വരാം, ഇതുവഴി ഭാരതത്തിന്റെ നയരൂപീകരണത്തില്‍ പങ്കാളികളാകാന്‍ അവര്‍ക്ക് സാധിക്കും.

സുരക്ഷയും ഡിജിറ്റല്‍ സെന്‍സസും
ആഭ്യന്തര സുരക്ഷ: നാല് പതിറ്റാണ്ടോളം രാജ്യത്തിന് ഭീഷണിയായിരുന്ന നക്‌സലിസത്തെയും മാവോയിസ്റ്റ് അക്രമങ്ങളെയും പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിലേക്ക് രാജ്യം എത്തിച്ചേര്‍ന്നു. അതിര്‍ത്തി സുരക്ഷയ്‌ക്കൊപ്പം ആധുനിക ഭീഷണികളെ നേരിടാന്‍ സജീവമായ ‘സിവില്‍ പ്രതിരോധ ശൃംഖല’ സൃഷ്ടിക്കും.

ഡിജിറ്റല്‍ സെന്‍സസ് പങ്കാളിത്തം: കൃത്യമായ നയരൂപീകരണത്തിനായി നടന്നുപോകുന്ന ജനസംഖ്യാ കണക്കെടുപ്പില്‍ യുവാക്കള്‍ മുന്‍കൈയെടുത്ത് കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ അക്ഷരത്തെറ്റുകളില്ലാതെ ഡിജിറ്റലായി സ്വയം സമര്‍പ്പിക്കാന്‍ പങ്കാളികളാകണം.

അടിമത്ത മനോഭാവം വെടിഞ്ഞ്, രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ 2047-ഓടെ ‘വികസിത ഭാരതം’ എന്ന സ്വപ്‌നം നമ്മള്‍ പൂര്‍ണ്ണമായും സാക്ഷാത്കരിക്കും.

 



By admin