
ചെന്നൈ: തമിഴ്‌നാട്ടിൽ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ വമ്പൻ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജിവെച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന നിയമസഭാ സീറ്റിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മത്സരിച്ചേക്കുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാലിനെ പൂട്ടാന്‍ വിജയ് നടി തൃഷയെ ഇറക്കിയേക്കും എന്ന അഭ്യൂഹവും ശക്തമാകുന്നു.
എന്നാൽ, മുൻ മുഖ്യമന്ത്രിയായ സ്റ്റാലിൻ ഈ റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. മുതിർന്ന ഡി.എം.കെ നേതാവ് കെ.എൻ. നെഹ്‌റു പുതുക്കോട്ടൈയിൽ നടന്ന ഒരു യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉടൻ തന്നെ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയതോടെയാണ് തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ സ്റ്റാലിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ തന്റെ പരമ്പരാഗത കോട്ടയായ കൊളത്തൂരിൽ നിന്ന് മത്സരിച്ച സ്റ്റാലിൻ 8,000 വോട്ടുകളുടെ മാർജിനിൽ പരാജയപ്പെട്ടിരുന്നു.