• Thu. Jul 9th, 2026

24×7 Live News

Apdin News

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Byadmin

Jul 9, 2026


കണ്ണൂർ: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെതിരെ വ്യത്യസ്താഭിപ്രായവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വിഴിഞ്ഞത്തിൽ വിവാദത്തിലേക്ക് പോകരുത്. അത് കേരളത്തിന് ഗുണകരമല്ല. കരാർ വ്യവസ്ഥയിൽനിന്ന് വ്യതിചലിക്കാതെയും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയത്തക്ക നിലയിൽ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ഏതെങ്കിലും ആളുകൾക്ക് അഴിമതി നടന്നുവെന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അവരത് ഉന്നയിക്കട്ടെ. ആരോപണങ്ങൾ ബന്ധപ്പെട്ട മന്ത്രിമാർ, വിജിലൻസ് തുടങ്ങിയ സംവിധാനങ്ങൾ അന്വേഷിക്കട്ടെ. ഞാൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. ആരാണോ ആക്ഷേപം ഉന്നയിച്ചത് അവരോട് ചോദിച്ച് കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലത് – വിഴിഞ്ഞം വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ച അഴിമതിയാരോപണത്തെക്കുറിച്ച് ഇ.പി ജയരാജൻ വ്യക്തമാക്കി.

സിപിഎമ്മിനും എൽഡിഎഫിനും ഈ വിഷയത്തിൽ ഒരു ആശയക്കുഴപ്പവുമില്ല. കാരണം, കരാർ വ്യവസ്ഥ ലംഘിക്കാൻ സാധ്യമല്ല. ആ കരാർവ്യവസ്ഥയിൽ എന്തെങ്കിലും മാറ്റംവരുത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റേയും കേന്ദ്രസർക്കാരിന്റേയും അനുവാദത്തോടുകൂടി മാത്രമേ സാധിക്കൂ. അല്ലെങ്കിൽ അതിൽ ഏതെങ്കിലും ഒരു കരാറുകാരന് മാത്രമായി ഭേദഗതി വരുത്താനോ, അവർക്ക് പുറംകരാർ ഉണ്ടാക്കാനോ, കരാറിൽ ആരെയെങ്കിലും ഓഹരി ഉടമകളാക്കി ചേർക്കാനോ സാധിക്കില്ല. അത് കരാർ വ്യവസ്ഥയുടെ ലംഘനമാണ്. അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ സർക്കാരിന്റെ അനുമതി വാങ്ങണം. അദാനിതന്നെ ആ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതാണ്. ഇപ്പോൾ ഇതിൽ തർക്കമുണ്ടെന്ന് തോന്നുന്നില്ല’, ജയരാജൻ പറഞ്ഞു.

വിഴിഞ്ഞം വിഷയത്തിൽ സർക്കാരിനെതിരേ സിപിഎം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് വ്യത്യസ്താഭിപ്രായവുമായി ഇ.പി. ജയരാജൻ രംഗത്തെത്തിയത്.



By admin