കോട്ടയം: വിവാഹച്ചടങ്ങിലേക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും കേറ്ററിംഗ് സ്ഥാപനം ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ചെന്ന് പരാതി. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉദയം കേറ്ററിംഗ് സ്ഥാപനത്തിനും ഉടമ വിഷ്ണുവിനുമെതിരെയാണ് വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കിയത്. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഭക്ഷണം കിട്ടാതിരുന്നത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിനാല്‍ സമീപത്തെ ഹോട്ടലുകളില്‍നിന്നുമാണ് ഭക്ഷണം എത്തിച്ച് വിവാഹത്തിനെത്തിയ ആളുകള്‍ക്ക് നല്‍കിയത്.
കഞ്ഞിക്കുഴി സ്വദേശിനി യുവതിയുടെ വിവാഹത്തിന് ഭക്ഷണം, സ്റ്റേജ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് നല്‍കിയത്. ഇതില്‍ സ്റ്റേജ്, സൗണ്ട് തുടങ്ങിയ കാര്യങ്ങള്‍ കരാറുകാര്‍ തന്നെ മറ്റൊരാളെ ഏല്‍പിച്ചിരുന്നു. വെല്‍ക്കം ഡ്രിങ്ക് ഉള്‍പ്പടെ ഭക്ഷണം എത്താതിരുന്നതോടെ ഇവരെ വിളിച്ചപ്പോള്‍ ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തില്‍പെട്ടുവെന്ന് അറിയിച്ചു. പിന്നീട് വിളിച്ചപ്പോള്‍ ഭക്ഷണം പാകം ചെയ്തില്ലെന്നും എത്തിക്കാന്‍ കഴിയില്ലെന്നും വെളിപ്പെടുത്തി.
മുണ്ടക്കയം ചോറ്റിയില്‍ നടന്ന വിവാഹത്തില്‍ പനക്കച്ചിറ സ്വദേശിനി വധുവിന്റെ വീട്ടുകാര്‍ 1.4 ലക്ഷം രൂപയുടെ കരാറാണ് നല്‍കിയത്. വിവാഹത്തലേന്നത്തെ ഭക്ഷണത്തിന്റെ ഓര്‍ഡറും ഇവര്‍ക്കായിരുന്നു. തലേദിവസത്തെ ഭക്ഷണം വീട്ടില്‍ എത്തിച്ചു. എന്നാല്‍ വിവാഹച്ചടങ്ങില്‍ കുടിവെള്ളം പോലും ഒരുക്കിയില്ല. തുടര്‍ന്ന് ആദ്യം വിഷ്ണുവിനെ വിളിച്ചപ്പോള്‍ ഉടനെ എത്തുമെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നാലെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഇന്‍ഫ്‌ലുവന്‍സര്‍മാരെ അടക്കം ഉപയോഗിച്ചാണ് ഉദയം കാറ്ററിംഗ് സ്ഥാപനം പരസ്യം നല്‍കിയിട്ടുളളത്.