ലക്നൗ ; വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി. പകരം വധുവിന്റെ ഇളയ സഹോദരിയുമായി വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സഹോദരി അറിയിച്ചതോടെ ഇതും മുടങ്ങി. പിന്നാലെ വിവാഹവീട്ടിൽ കൂട്ടത്തല്ല് . ഉത്തർപ്രദേശിലെ ബറേയ്‌ലി ജില്ലയിലെ ബിത്രി ചൈൻപുർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
ശനിയാഴ്ചയാണ് പ്രദേശവാസിയായ യുവതിയും യുവാവുമായുള്ള വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച രാത്രി പ്രതിശ്രുതവധു കാമുകനൊപ്പം ഒളിച്ചോടി. വിവാഹത്തിനായി കരുതിയിരുന്ന ആഭരണങ്ങളുമായാണ് വധു കാമുകനൊപ്പം പോയത്.
ശനിയാഴ്ച രാവിലെയാണ് വധുവിനെ കാണാനില്ലെന്നും കാമുകനൊപ്പം ഒളിച്ചോടിയെന്നുമുള്ള വിവരം വീട്ടുകാർ അറിഞ്ഞത്. ഇതിനിടെ, വരനും കൂട്ടരും അവരുടെ വീട്ടിൽനിന്ന് വിവാഹവേദിയിലേക്ക് പുറപ്പെട്ടിരുന്നു. നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാനും നാണക്കേടുണ്ടാകാതിരിക്കാനും വധുവിന്റെ ഇളയസഹോദരിയുമായി വിവാഹം നടത്താമെന്ന് വധുവിന്റെ വീട്ടുകാർ തീരുമാനിച്ചു.
നാട്ടുപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. വരന്റെ വീട്ടുകാരും ഇതിന് സമ്മതിച്ചു. തുടർന്ന് ഓഡിറ്റോറിയത്തിൽ വിവാഹചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ സമയത്താണ് വിവാഹത്തിന് സമ്മതമല്ലെന്ന് സഹോദരി അറിയിച്ചത്. താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും യുവതി പറഞ്ഞു. യുവതിയുടെ കാമുകനും സ്ഥലത്തെത്തി തങ്ങളുടെ പ്രണയം വെളിപ്പെടുത്തി. ഇതിനുപിന്നാലെയാണ് വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായത്. തർക്കം പിന്നീട് സംഘർഷത്തിൽ കലാശിച്ചു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുംചെയ്തു.
വിവാഹം മുടങ്ങിയതോടെ വരനും കൂട്ടരും ഓഡിറ്റോറിയത്തിൽനിന്ന് മടങ്ങി.