• Wed. Apr 15th, 2026

24×7 Live News

Apdin News

വിഷു: കാര്‍ഷിക സംസ്‌കൃതിയുടെ ഉണര്‍ത്തു പാട്ട്

Byadmin

Apr 15, 2026


തുഭേദങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന് അനിവാര്യമായ കാര്‍ഷിക താളം ചിട്ടപ്പെടുത്താനുള്ള പൂര്‍വികരുടെ ധാര്‍മികമായ ഉത്തരവാദിത്വത്തിന്റെയും ശ്രമത്തിന്റെയും ശേഷിപ്പുകളാണ് മലയാളിയുടെ മിക്ക ആചാരങ്ങളും ആഘോഷങ്ങളും. കാര്‍ഷികവര്‍ഷപ്പിറവി കൂടിയായി വിരുന്നെത്തുന്ന വിഷു തന്നെ ഇതിന്റെ തെളിവാണ്. സമൃദ്ധിയുടെ മഞ്ഞപ്രഭാവത്തെ മനസിലേക്ക് ആവാഹിക്കുക, അതിലേക്കുള്ള ചുവടുവൈപ്പിനായി പ്രകൃതിക്കിണങ്ങും വിധം മനുഷ്യരെ പ്രാപ്തരാക്കുക എന്ന വലിയ ദൗത്യവും, തുല്യതയുടെ സന്ദേശവുമായി എത്തുന്ന വിഷുവില്‍ അന്തര്‍ലീനമാണ്.

വിഷു എന്ന സങ്കല്പം പോലും പൂര്‍ണമാകുന്നത് അതിനാധാരമായി നില്‍ക്കുന്ന വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുപ്പക്ഷി, വിഷുഫലം മുതലായ പരിചിത പദപ്രയോഗങ്ങളാലാണ്. മറ്റെന്തിലുമുപരി കാര്‍ഷികപരമായ പ്രാധാന്യം തന്നെയാണ് ഇവയുടെയെല്ലാം മുഖ്യ സവിശേഷതയും. പഴയ കാലത്ത് വിഷുവിനോട് അനുബന്ധിച്ചുണ്ടായിരുന്ന പല ചടങ്ങുകളിലും ഇത് പ്രകടമാണ്. കണിക്കൊന്ന ഉള്‍പ്പെടെയുള്ള വിവിധതരം പൂക്കളാലും പഴം പച്ചക്കറി വര്‍ഗ്ഗവിളകളിലെ കായ്‌കനികളാലും സമൃദ്ധിയുടെയും സൗന്ദര്യത്തിന്റെയും നിറ കാഴ്ചയായി പ്രകൃതി ഒരുക്കിയ കണിയെ പ്രതീകാത്മകമായി അവരവരുടെ മനസിലേക്ക് ആവാഹിച്ചതിന്റെ അടയാളം തന്നെയായിരുന്നു മുന്‍കാലങ്ങളില്‍ വീടുകളില്‍ ഒരുക്കിയിരുന്ന വിഷുക്കണി.

മേടസംക്രാന്തിയില്‍ വിഷുഫലം പറയുന്ന രീതിയും പണ്ട് പ്രചാരത്തില്‍ ഉണ്ടായിരുന്നു. വരാന്‍ പോകുന്ന വര്‍ഷം എത്ര പറ മഴ കിട്ടും എന്നും മഴ ഇടിയോടും കാറ്റോടും കൂടിയതാണോ എന്നുമൊക്കെയുള്ള പ്രവചനങ്ങള്‍. പൂര്‍ണമായും മഴയെ ആശ്രയിച്ച് കൃഷി ഇറക്കിയിരുന്ന ആ കാലത്ത് ഇത്തരം നിര്‍ദോഷ പ്രവചനങ്ങള്‍ ആയിരുന്നു കര്‍ഷകരുടെ വഴികാട്ടിയും കൃഷിയിറക്കാനുള്ള ആത്മധൈര്യവും. ചക്കയും മാങ്ങയും ധാരാളമായി ഉണ്ടാവുന്ന വിഷുക്കാലത്ത് ഇവകൊണ്ടുള്ള വിഭവങ്ങള്‍ തന്നെയായിരുന്നു വിഷു സദ്യയില്‍ പ്രധാനം. അരിയും പയറും ശര്‍ക്കരയും ചേര്‍ന്നുള്ള വിഷുക്കഞ്ഞി, വിഷുക്കട്ട എന്നിവയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വിഷു ആഘോഷങ്ങളും സാധാരണമായിരുന്നു.

കാര്‍ഷിക വിളവെടുപ്പിന്റെ സമയമായതിനാല്‍ അവ വിറ്റ് കിട്ടുന്ന തുകയാണ് പ്രധാനമായും നാണയത്തുട്ടുകളുടെ രൂപത്തില്‍ വിഷുക്കൈനീട്ടമായി കൊടുത്തിരുന്നത്. കാര്‍ഷികപരമായ ഒട്ടേറെ ആചാരങ്ങളും വിഷുവിനോട് അനുബന്ധിച്ചുണ്ടായിരുന്നു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം കാര്‍ഷിക സംസ്‌കാരത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അവരറിയാതെ ഏറ്റുവാങ്ങിയിരുന്നതു വിഷുക്കാലത്താണ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലുകളില്‍ കണിവെള്ളരിയും മറ്റു പച്ചക്കറികളും വിളഞ്ഞു നിന്നിരുന്ന കാലം. മകരക്കൊയ്‌ത്ത് കഴിഞ്ഞ് ആലസ്യമാണ്ട വയലിനെ അതില്‍ നിന്നുണര്‍ത്താനായി വിഷുവിന് മുന്നേ കൃഷി ആയുധങ്ങളായ കലപ്പയും കൊഴുവും നന്നാക്കി കാളകളെ പരിപാലിച്ച് ഉഴുകാന്‍ തയാറാക്കി നിര്‍ത്തും. വിഷു ദിവസം പുതിയ കൈക്കോട്ട് കഴുകി കുറി തൊടിച്ച് കൊന്നപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച് വീടിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്തു വച്ച് പൂജിച്ച് ആ കുഴിയില്‍ നവധാന്യങ്ങളും പച്ചക്കറികളും നടുന്ന കൈക്കോട്ടുചാല്‍ എന്ന ആചാരം മണ്ണിനോടും കൃഷിയോടുമുള്ള ആദരവിന്റെ സൂചനകൂടിയാണ്.

കൃഷിക്ക് എക്കാലത്തുമുള്ള സാമൂഹിക നന്മയുടെ പശ്ചാത്തലവും വിഷുവിന്റെ ആചാരങ്ങളില്‍ പ്രകടമാണ്. വിഷുക്കണി ഒരുക്കുന്നത് മനുഷ്യരെപ്പോലെ തന്നെ വളര്‍ത്തു മൃഗങ്ങള്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും കാണാന്‍ കൂടിയാണ്. വിഷുക്കാലത്ത് പ്രകൃതിയില്‍ ധാരാളമായി കാണുന്ന കായ്‌കനികള്‍ പക്ഷിമൃഗാദികള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് വിശപ്പടക്കുന്നതിന് വേണ്ടിയാണെന്ന തത്വം എല്ലാവരും പാലിച്ചിരുന്നു. വിശപ്പടക്കാന്‍ ഒരു ചക്കയിട്ടു കൊണ്ടു പോയാല്‍ അത് കണ്ടതായി നടിക്കരുതെന്ന് പണ്ടുള്ളവര്‍ ഉപദേശിച്ചിരുന്നു. പൊലിക, പൊലിക, തന്‍ ദൈവമേ നെല്‍ പൊലിക എന്ന് പുള്ളുവന്മാര്‍ പാടി നടന്നിരുന്ന പഴയ കാലം. കാളയും ഉഴവുകാരനും മേലാളനും ഒരുപോലെ വാഴണമെന്നും ഐശ്വര്യം പുലരണം എന്നുമുള്ള പ്രാര്‍ത്ഥന കൂടിയായിരുന്നു ആ പാട്ട്. വിത ഇറക്കാന്‍ നേരമായി എന്ന് അജ്ഞാത സന്ദേശവാഹകനെപ്പോലെ നാടാകേ വിഷുപ്പക്ഷി പാടി നടന്നതും വിഷുവിന്റെ വരവോടെയാണ്.

കാലം മാറി.വയല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന, കാലാവസ്ഥാ വ്യതിയാനത്തില്‍ കര്‍ഷകര്‍ പകച്ചു നില്‍ക്കുന്ന, കൊന്നകള്‍ സമയം തെറ്റി പൂക്കുന്ന, വിഷുപ്പക്ഷി പാടാന്‍ വരാത്ത വര്‍ത്തമാനകാലത്ത് ഒരു പരിധിവരെ വിഷുവും ബാധ്യതയാണ്. അപ്പോഴും ഉച്ചസ്ഥായിയില്‍ ഉള്ള മേടസൂര്യനെ പൂര്‍വികര്‍ നമസ്‌കരിച്ചപോലെ വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ മതിമറന്നിരിക്കുന്ന നമ്മള്‍ നിര്‍മ്മിത ബുദ്ധിക്ക് കീഴ്പ്പെട്ട് നിരന്തരം അതിനെ വണങ്ങുന്നു. മറുചിന്ത ഇല്ലാതെ, നല്‍കുന്നതെന്തും അതേപടി സ്വീകരിക്കുന്നു. ഓണ്‍ലൈനായി കണികണ്ട് ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ഇഷ്ടമുള്ള തുക കൈനീട്ടമായി നല്‍കി സോഷ്യല്‍ മീഡിയയിലെ വിഷുഫലത്തില്‍ തന്റെ അടുത്ത വര്‍ഷത്തെക്കുറിച്ചുള്ള പ്രവചനം കേട്ട് ഒരു വിരല്‍ സ്പര്‍ശത്തില്‍ എത്തുന്ന സദ്യയുണ്ട് വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നവരുടെ കാലം കൂടിയാണിത്. പൂത്തിരി കത്തിത്തീരും പോലെ നിമിഷനേരം കൊണ്ട് ഇല്ലാതെയാകുന്ന വിഷു ആഘോഷങ്ങളിലും നമ്മള്‍ തൃപ്തരാണ്. നിഷേധിക്കാനാവില്ല… മാറ്റം അനിവാര്യവും കാലഘട്ടം ആവശ്യപ്പെടുന്നതുമാണല്ലോ.

അപ്പോഴും പേരിടാന്‍ ആവാത്ത ഒരു അണുവിന്റെ വിളയാടലില്‍, യുദ്ധഭീതിയില്‍ മറ്റേതെങ്കിലും വിധത്തിലുള്ള പ്രതിസന്ധികള്‍ക്കിടയില്‍ പകച്ചു നില്‍ക്കുന്ന അവസരത്തില്‍ പ്രകൃതിയും മാനുഷിക നന്മയും എല്ലാം നമുക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നു എന്നതാണ് വിരോധാഭാസം. വികസന ത്തിനായുള്ള എല്ലാം മറന്നുള്ള ഓട്ടത്തില്‍ എവിടെയോ എന്തിനോ പാളിച്ച സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് വിഷു പോലുള്ള ആചാരങ്ങളുടെ പ്രസക്തിയെക്കുറിച്ച് പുനര്‍വിചിന്തനം ഉണ്ടാകുന്നതും വിഷുപ്പക്ഷിയുടെ പാട്ടിന് പ്രസക്തിയേറുന്നതും. ഒരു നിര്‍മ്മിത ബുദ്ധിക്കും അനുകരിക്കാനാവാത്ത ആ ഉണര്‍ത്തു പാട്ടിന് ആധാരമായി നിന്ന ഒരു പദം ഉണ്ട്. ‘വിത്തും കൈക്കോട്ടും’. കൈക്ക് ബലവും ആയുധമായി കൈക്കോട്ടും വിതയ്‌ക്കാന്‍ വിത്തുമുള്ളപ്പോള്‍ എന്തിനു വേവലാതി എന്നത് പൂര്‍വികരുടെ ആത്മശക്തിയും ധൈര്യവും ആയിരുന്നു. ഇന്ന് നമുക്കില്ലാത്തതും അതാണ്.

അതിജീവനത്തിന്റെ ആദ്യ ശ്രമം ഭക്ഷണത്തിന് മാര്‍ഗം അന്വേഷിക്കലാണ്. വിശപ്പ് എന്ന വികാരം ശമിപ്പിക്കുക എന്നത് തന്നെയാണ് പരമപ്രധാനം. ഇവിടെയാണ് വിഷു പ്രാപഞ്ചികമായ ഉള്‍ക്കാഴ്ചയോടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള ധാര്‍മികമായ ആചാരമായി മാറുന്നതും വിഷുപ്പക്ഷിയുടെ വരവ് കാര്‍ഷിക സംസ്‌കൃതിയുടെ ഉണര്‍ത്തുപാട്ടായി അനുഭവവേദ്യമാകുന്നതും, ഒടുവില്‍ ജീവിതത്തിന്റെ തന്നെ സര്‍ഗസംഗീതമായി മാറുന്നതും..!

 

 



By admin