• Wed. Sep 23rd, 2026

24×7 Live News

Apdin News

വെറും നാല് വർഷം കൊണ്ട് ഇന്ത്യൻ സിനിമയെ കീഴടക്കിയ റാണി; സിനിമാക്കഥയെ വെല്ലുന്ന ജീവിതവും,ദാരുണമായ അന്ത്യവും; സിൽക്ക് സ്മിത ഓർമ്മയായിട്ട് മൂന്ന് പതിറ്റാണ്ട്!

Byadmin

Sep 23, 2026


“എന്റെ സിനിമാജീവിതം വളരെ ഹ്രസ്വമായിരുന്നു; വെറും നാല് വർഷത്തിനുള്ളിൽ ഇരുന്നൂറിലധികം സിനിമകളിൽ ഞാൻ അഭിനയിച്ചു. സ്വാഭാവികമായും, എൻ്റെ വിജയത്തിൽ അസൂയയുള്ള പലരും ഉണ്ടാകാം. എന്നെക്കുറിച്ചുള്ള ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ അവരാണെന്നാണ് എനിക്ക് തോന്നുന്നത്.”

വശ്യമായ നോട്ടവും ചടുലമായ ചുവടുകളും കൊണ്ട് ഒരു കാലഘട്ടത്തിന്റെ വെള്ളിത്തിരയെ കീഴടക്കിയ ദക്ഷിണേന്ത്യൻ സിനിമയുടെ ഗ്ലാമർ റാണി സിൽക്ക് സ്മിത ഓർമ്മയായിട്ട് മൂന്ന് പതിറ്റാണ്ട് പൂർത്തിയാകുന്നു.

‘ഗ്ലാമർ താരം’ എന്ന ഒറ്റ വിശേഷണത്തിൽ മാത്രം ഒതുക്കാനാകാത്ത വിധം ഇന്ത്യൻ സിനിമയിലെ താരസങ്കൽപ്പങ്ങളെ മാറ്റിമറിച്ച അതുല്യ പ്രതിഭയായിരുന്നു അവർ.

ആന്ധ്രാപ്രദേശിലെ ഏളൂരിലെ ഒരു സാധാരണ കുടുംബത്തിൽനിന്ന് വിജയലക്ഷ്‌മി വഡ്‌ലപതി എന്ന പെൺകുട്ടി ‘സിൽക്ക് സ്‌മിത’യായി വളർന്ന ആ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്.

കഷ്ടപ്പാടുകളിൽ നിന്ന് ചലച്ചിത്ര ലോകത്തേക്ക്

പത്താം വയസ്സിൽത്തന്നെ സ്‌കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്ന സാവിത്രിക്ക്, കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ കാരണം ചെറിയ പ്രായത്തിൽത്തന്നെ ജോലികൾ ചെയ്യേണ്ടി വന്നു.

പതിനാലാം വയസ്സിലെ ദാമ്പത്യത്തിലെ ദുരിതങ്ങൾക്ക് ശേഷം സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിച്ച അവർ ചെന്നൈയിലേക്ക് ചേക്കേറുകയായിരുന്നു.

സിനിമ സെറ്റുകളിൽ ‘ടച്ച്-അപ്പ് ആർട്ടിസ്റ്റ്’ ആയി ജോലി നോക്കുന്നതിനിടയിലാണ് പ്രശസ്ത സംവിധായകനായ വിനു ചക്രവർത്തിയെ പരിചയപ്പെടുന്നത്. ആ വഴിത്തിരിവാണ് അവരെ അഭിനയലോകത്തേക്ക് എത്തിച്ചത്.

ആന്റണി ഈസ്റ്റ്മാന്റെ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും, 1979-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘വണ്ടിച്ചക്രത്തി’ലെ ‘സിൽക്ക്’ എന്ന കഥാപാത്രമാണ് അവരുടെ കരിയർ മാറ്റിമറിച്ചത്.

ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് പിന്നീട് അവരുടെ പേരിന്റെ കൂടെ സ്ഥിരമായി അടയാളപ്പെടുത്തപ്പെടുകയായിരുന്നു.

ആരാധകരുടെ ഹൃദയം കവർന്ന സൂപ്പർ താരം

1980-കളിലും 90-കളുടെ തുടക്കത്തിലും സിൽക്ക് സ്മിതയുടെ സാന്നിധ്യം മാത്രം മതിയായിരുന്നു ഒരു സിനിമ വിജയിക്കാൻ. അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിയ മുൻനിര താരങ്ങളിൽ ഒരാളായിരുന്നു അവർ.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 450-ലധികം സിനിമകളിൽ സിൽക്ക് അഭിനയിച്ചിട്ടുണ്ട്.

ഗ്ലാമർ വേഷങ്ങൾക്കപ്പുറം ചില ചിത്രങ്ങളിൽ മികച്ച സ്വഭാവ നടിയാകാൻ അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും, നിർമാതാക്കളുടെയും സംവിധായകരുടെയും മുഖ്യ ആകർഷണം അവരുടെ ഡാൻസ് നമ്പറുകളായിരുന്നു.

ദുരൂഹതയൊഴിയാത്ത അന്ത്യം

കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കെ വ്യക്തിജീവിതത്തിലുണ്ടായ സാമ്പത്തിക നഷ്ടങ്ങളും പ്രണയനൈരാശ്യങ്ങളും അവരെ മാനസികമായി തളർത്തി. നിർമ്മിച്ച ചിത്രങ്ങൾ പരാജയപ്പെട്ടത് വലിയ കടബാധ്യതകൾക്ക് കാരണമായി.

ഒടുവിൽ 1996 സെപ്റ്റംബർ 23-ന് ചെന്നൈയിലെ കോടമ്പാക്കത്തെ അപ്പാർട്ട്മെന്റിൽ സിൽക്ക് സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെറും 35 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ സംഭവിച്ച ആ വേർപാട് സിനിമാലോകത്തിന് വലിയൊരു നടുക്കമായിരുന്നു സമ്മാനിച്ചത്.

ജീവിച്ചിരുന്നപ്പോൾ അവരർഹിച്ച അംഗീകാരങ്ങൾ പലതും മരണശേഷമാണ് സിനിമാ ലോകം തിരിച്ചറിഞ്ഞത്. ഇന്നും ഉത്തരമില്ലാത്ത പല ചോദ്യങ്ങളോടൊപ്പം മലയാളി മനസ്സിലും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലും സിൽക്ക് സ്മിത മായാത്ത നോവായി തുടരുന്നു.







By admin