കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ബേഡകം തലേക്കുന്നിലെ ഒമ്പത് വയസ്സുകാരൻ മുഹമ്മദ് ഇയാസ് മരണപ്പെട്ട സംഭവം അത്യന്തം ദുഃഖകരവും വേദനാജനകവുമാണെന്ന് കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ പറഞ്ഞു.
സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഉന്നതതലത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ചികിത്സാ നടപടികളിലോ ശസ്ത്രക്രിയാ ക്രമീകരണങ്ങളിലോ മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലോ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് വസ്തുതകൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മകനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബാംഗങ്ങളുടെ വേദനയിൽ താൻ അനുശോചനം രേഖപ്പെടുത്തുന്നതായും എം.എൽ.എ പറഞ്ഞു. കുടുംബത്തിന് അർഹമായ സാമ്പത്തിക നഷ്ടപരിഹാരവും ആവശ്യമായ എല്ലാ സർക്കാർ സഹായങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണിത്. അതിനാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചികിത്സാ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ആവശ്യമായ പരിഷ്കാര നടപടികൾ അടിയന്തരമായി നടപ്പാക്കുകയും വേണമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ടെന്നും സമഗ്ര അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനും ആവശ്യമായ സർക്കാർ സഹായങ്ങൾ ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കല്ലട്ര മാഹിൻ എം.എൽ.എ അറിയിച്ചു.