തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഹെലികോപ്റ്റര്‍ വഴി തെറ്റിവന്നതാണെന്ന് ബോര്‍ഡിനെ കോസ്റ്റഗാര്‍ഡ് അറിയിച്ചു. ഹെലികോപ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ പൊലീസിനെ അറിയിച്ചു. ഫോട്ടോയെടുത്ത് പരിശോധിച്ചപ്പോള്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ആണെന്ന് മനസിലായി.
യാദൃശ്ചികമായി സംഭവിച്ചതാണ്. ഹെലികോപ്റ്റര്‍ കോസ്റ്റ്ഗാര്‍ഡിന്റേതായതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് കടന്നില്ല. ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്താല്‍ എന്താണ് പ്രശ്‌നമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചോദിച്ചു. എഡിജിപി ശ്രീജിത്തിനെ വിവരമറിയിച്ചു. അസ്വാഭാവികത എന്തെങ്കിലുമുള്ളതായി കരുതുന്നില്ല.പമ്പ പൊലീസ് വിചാരിച്ചാല്‍ ഇത്രയും അന്വേഷണം നടക്കില്ല. പൊലീസ് ആസ്ഥാനത്ത് നിന്ന് തന്നെ അന്വേഷണം നടക്കുകയാണെന്നും കെ ജയകുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്റ്റര്‍ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തു കൂടെ വേഗത കുറച്ചായിരുന്നു ഹെലികോപ്റ്റര്‍ സഞ്ചരിച്ചത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ശബരിമലയുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും വിവരം ലഭിച്ചു. ഹെലികോപ്റ്റര്‍ പറന്നതിന്റെ ചിത്രങ്ങള്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്നവര്‍ ചിത്രീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ എഡിജിപി എസ് ശ്രീജിത്തിനോട് റിപ്പോര്‍ട്ട് തേടി.
ഹെലികോപ്റ്റര്‍ പറന്നത് അതീവ ഗൗരവതരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.അന്തരീക്ഷം മേഘാവൃതമായപ്പോള്‍ ദിശ മാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാര്‍ഡ് വിശദീകരിച്ചു.