തിരുവനന്തപുരം: ശ്രീറാം സാംബശിവ റാവു ഐഎഎസിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറായിരുന്നു.
ഐഎഎസ് കേഡറുകളുടെ തസ്തികയില്‍ ഐപിഎസുകാരെ നിയമിക്കരുതെന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനായ സാംബശിവ റാവുവിനെ നിയമിച്ചത്.
എഡിജിപി എം.ആര്‍. അജിത്കുമാര്‍ എക്‌സൈസ് കമ്മിഷണറായിരിക്കെയാണ് നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. എക്‌സൈസ് കമ്മിഷണര്‍, ഐഎംജി ഡയറക്ടര്‍, കില ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ ഐഎഎസുകാരുടെ കേഡര്‍ പോസ്റ്റാണെന്നും അത് വിരമിച്ചവര്‍ക്കും ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുകയാണെന്നുമുള്ള ഐഎഎസ് അസോസിയേഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉത്തരവിനെ തുടര്‍ന്ന് എം.ആര്‍. അജിത്കുമാറിനെ എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീറാം സാംബശിവ റാവു 2012 ബാച്ച് കേരള കേഡര്‍ ഉദേ്യാഗസ്ഥനാണ്. മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടി. കോഴിക്കോട് ജില്ലാ കളക്ടര്‍, ഐടി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍, പരിസ്ഥിതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.