പത്തനംതിട്ട: ഭാരത റെയില്‍വേയുടെ ചരിത്രത്തില്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ചരക്ക് ഗതാഗത രംഗത്ത് ഒരു ലക്ഷം ഗുഡ്‌സ് വാഹനങ്ങള്‍ വാങ്ങാന്‍ 40,000 കോടി രൂപയുടെ ധാരണാപത്രത്തില്‍ റെയില്‍വേ ഉടന്‍ ഒപ്പുവയ്‌ക്കും. റെയില്‍വേ സെക്ടറില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഈ മൂലധന നിക്ഷേപം കൊണ്ട് രാജ്യത്ത് ചരക്ക് ഗതാഗത നീക്കത്തില്‍ സമാനതകളില്ലാത്ത ഉയരം കൈവരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാരണാപത്രം ഒപ്പിടുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ റെയില്‍വേയുടെ ഓഹരികളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ കരാറിലൂടെ പ്രതിവര്‍ഷം 35,000 മുതല്‍ 40,000 വരെ ഗുഡ്‌സ് വാഹനങ്ങള്‍ ആണ് റെയില്‍വേക്ക് ലഭിക്കുന്നത്. കൂടാതെ സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ (ഡെഡിക്കേറ്റഡ് കോറിഡോര്‍- ഡിഎഫ്‌സി) യാഥാര്‍ത്ഥ്യമായതോടെ ചരക്ക് ഗതാഗതത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ രംഗത്തെ പ്രധാന കമ്പനികള്‍ ആയ ടൈറ്റാ ഗര്‍ത്ത് റെയില്‍സ് സിസ്റ്റം, ജൂപ്പിറ്റര്‍ വാഗണ്‍സ്, പൊതുമേഖലാ സ്ഥാപനങ്ങളായ സെയില്‍ റൈറ്റ് ബംഗാള്‍, വാഗണ്‍ ഇന്‍ഡസ്ട്രീസ്, ബിഇഎംഎല്‍ എന്നീ കമ്പനികള്‍ക്ക് 20 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
റെയില്‍വേ 2024ല്‍ 1473 മെട്രിക്ക് ടണ്‍ ചരക്ക് നീക്കമാണ് നടത്തിയത്. ഇത് 2026 ആകുമ്പോള്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയിലൂടെ സമര്‍പ്പിത ചരക്ക് ഇടനാഴികളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ളത്. കേന്ദ്രീകൃത ട്രെയിന്‍ മാനേജ്‌മെന്റ് സിസ്റ്റവും യന്ത്രവല്‍കൃത ട്രാക്കും ചരക്ക് ഗതാഗത നീക്കത്തിന് വളരെ വലിയ സുരക്ഷയും അത്ഭുതകരമായ വേഗതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.