
കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയ ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സിനിമാ-രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ. ‘പുലിമുരുകൻ’, ‘തുടരും’, ‘നരൻ’, ‘ബാന്ദ്ര’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് മലയാള ചലച്ചിത്ര മേഖലയ്‌ക്ക് വലിയ നഷ്ടമാണെന്ന് പ്രമുഖർ അനുസ്മരിച്ചു.
നടൻ പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ഷാജി കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചത്. സിനിമയിലെ തന്റെ യാത്രയിൽ ഷാജി കുമാർ വലിയൊരു ഭാഗമായി ഉണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു. മനോഹരമായ ദൃശ്യങ്ങൾക്കും നൽകിയ ഓർമകൾക്കും പാഠങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
മുഖ്യമന്ത്രി വി.ഡി. സതീശനും എക്സിലൂടെ അനുശോചനം രേഖപ്പെടുത്തി. ‘തുടരും’, ‘പുലിമുരുകൻ’, ‘നരൻ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അസാധാരണമായ ദൃശ്യഭാഷയിലൂടെ ഷാജി കുമാർ വിസ്മയം തീർത്തുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്‌ക്ക് വലിയ നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വി.ഡി. സതീശൻ കുറിച്ചു.