
കൊച്ചി:വാഴക്കൃഷി നടത്തി സർക്കാരിന്റെ പുരസ്കാരം നേടിയ യുവകർഷകൻ ലഹരിക്കേസിൽ അറസ്റ്റിൽ. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന ലഹരിക്കടത്ത് ശൃംഖലയിലെ മുഖ്യപ്രതി ആയിരുന്നു ഇയാൾ. എറണാകുളം റൂറൽ ജില്ലാ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷക പുരസ്കാരം ലഭിച്ച ഹരിപ്പാട് പായിപ്പാട് സ്വദേശി ‘ഡാനി’ എന്ന ധനേഷ് എസ്. നായർ (31) ആണ് അറസ്റ്റിലായത്.
യുവാക്കളെ ലഹരിമരുന്ന് കടത്തിനായി റിക്രൂട്ട് ചെയ്ത് ബംഗളൂരുവിൽ എത്തിക്കുകയും, അവിടെ നിന്ന് വാഴക്കുലകളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കേരളത്തിലെത്തിക്കുകയുമായിരുന്നു രീതി. ലഹരി ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെടുത്തു.
ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. 2015 മുതൽ 2018 വരെ ജർമനിയിൽ അഗ്രി ബിസിനസ് പഠിച്ച ധനേഷ്, 2018-ലെ പ്രളയകാലത്താണ് കേരളത്തിൽ തിരിച്ചെത്തുന്നത്. തുടർന്ന് കർഷകനെന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്ന ഇയാൾക്ക് 2023-ൽ മികച്ച യുവ കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കൃഷിമന്ത്രി പി. പ്രസാദിൽ നിന്ന് ലഭിച്ചിരുന്നു.
കൃഷിവകുപ്പിന്റെ ‘കൃഷിദീപം’ പരിപാടിയിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. നിലവിൽ മൈസൂരിനടുത്തുള്ള നഞ്ചൻഗുഡിൽ വാഴത്തോട്ടങ്ങളും കൃഷിയിടങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. കാർഷിക ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ മറവിൽ വാഴക്കുലകൾക്കുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തുന്നതായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ ദിവസം ആലുവയിലെ ലോഡ്ജിൽ നിന്ന് 185 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് മുഖ്യസൂത്രധാരനായ ധനേഷിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ തമിഴ്നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിച്ചാണ് പ്രതിയെ അങ്കമാലിയിൽ വെച്ച് പിടികൂടിയത്.