
‘പിതാ രക്ഷതി കൗമാരേ
ഭര്‍ത്തോ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’
പലരും മനുസ്മൃതിയിലെ ഈ ശ്ലോകം ഉദ്ധരിക്കാറുണ്ട്.
എന്താണ് ഈ ശ്ലോകത്തിന്റെ ശരിയായ അര്‍ത്ഥം?
‘സ്ത്രീയെ ബാല്യത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും സംരക്ഷിക്കണം. അവള്‍ ഒരിക്കലും നിരാശ്രയയായിരിക്കരുത്.’
ഇവിടെ ‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നതിനര്‍ത്ഥം ‘സ്ത്രീ ഒരിക്കലും ആശ്രയമില്ലാത്തവളായിരിക്കരുത്, അവള്‍ ഏത് അവസരത്തിലും ഉത്തരവാദപ്പെട്ട ഒരാളാല്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്’ എന്നാണ്.
‘സ്ത്രീകള്‍ സംരക്ഷണം അര്‍ഹിക്കുന്നു’ എന്നല്ലാതെ, അവര്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കണം എന്നല്ല ഇതിലൂടെ അര്‍ത്ഥമാക്കേണ്ടത്.
സ്ത്രീയെ ഏതവസ്ഥയിലും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പുരുഷനുണ്ട് എന്ന് ചൂണ്ടിക്കാണിക്കുകയാണ് മനു ചെയ്തത്. സ്ത്രീക്കു സമൂഹത്തിലുള്ള ഉന്നതസ്ഥാനമാണ് ഇവിടെ വ്യക്തമാക്കുന്നത്.
സ്ത്രീക്ക് സ്വാതന്ത്ര്യം ആരും നല്‍കേണ്ടതില്ല. അവള്‍ പുരുഷനെപ്പോലെതന്നെ സ്വതന്ത്രയാണ്. എന്നാല്‍ അവളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് പുരുഷന്റെ കടമയാണ് എന്നാണ് മനു പറയുന്നത്. സ്ത്രീക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന സമൂഹം സ്വയം നാശത്തെ വിളിച്ചുവരുത്തുകയാണു ചെയ്യുന്നത്.
ഇന്നു മന്ത്രിമാര്‍ പോലീസ് സംരക്ഷണയിലാണ് സഞ്ചരിക്കുന്നത്. അതിനര്‍ത്ഥം മന്ത്രിമാര്‍ക്കു സ്വാതന്ത്ര്യമില്ല എന്നാണോ? അല്ല. മന്ത്രിമാര്‍ക്കു മറ്റുള്ളവരെപ്പോലെ തന്നെ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് എവിടെയും സഞ്ചരിക്കാം. എന്നാല്‍ മന്ത്രിയുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ഒപ്പമുള്ള പോലീസുകാരുടെ കടമയാണ്. അതുപോലെ സ്ത്രീക്കു പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്ന നമ്മുടെ സമൂഹം അവളെ ഏതവസ്ഥയിലും സംരക്ഷിക്കേണ്ട ചുമതല ഒപ്പമുള്ള പുരുഷനു നല്‍കി. ഈ പൂജ്യസ്ഥാനം സ്ത്രീക്കു ഭാരതീയ സംസ്‌കാരം അനുവദിച്ചു നല്‍കിയത് സ്ത്രീ കുടുംബത്തിന്റെയും അതിലൂടെ സമൂഹത്തിന്റെയും മാര്‍ഗ്ഗദീപമായതു
കൊണ്ടാണ്.