തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നാമെല്ലാവരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ചൂട് വര്‍ദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാല്‍ താഴെ പറയുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം.ഫേസ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
. പകല്‍ 11 മുതല്‍ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെല്‍ഫ് ലോക്ക്ഡൗണ്‍’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.
. വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
. വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍
കുട, പാദരക്ഷകള്‍, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക.
. പ്രത്യേക ശ്രദ്ധ വേണ്ടവര്‍: പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ആല്‍ബനിസം ബാധിച്ചവരും ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കുക.
.പൊതുപരിപാടികള്‍ക്ക് നിയന്ത്രണം: പകല്‍ 11 മുതല്‍ 3 വരെ തുറസായ സ്ഥലങ്ങളിലെ പൊതുയോഗങ്ങള്‍, കലാകായിക പരിപാടികള്‍ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകല്‍പ്പൂരങ്ങള്‍, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകള്‍ക്കെതിരെ കനത്ത കരുതല്‍ വേണം.
. മിണ്ടാപ്രാണികളെ മറക്കരുത്: വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവിലെ മൃഗങ്ങള്‍ക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകല്‍ സമയത്ത് അവയെ മേയാന്‍ വിടരുത്. കടുത്ത ചൂടില്‍ മൃഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാല്‍ വന്യജീവികളുടെയും തെരുവുനായ്‌ക്കളുടെയും ആക്രമണ സാധ്യതകള്‍ക്കെതിരെയും ജാഗ്രത വേണം.
. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജം: പകല്‍ സമയത്തെ പുറംപണികള്‍ ഒഴിവാക്കുന്നതിനായി തൊഴില്‍ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കണം. പകല്‍ സമയത്തെ തൊഴിലുറപ്പ് ജോലികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. ട്രാഫിക് പൊലീസുകാര്‍ക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമില്‍ ഇളവ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലും ആംബുലന്‍സുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
. തണ്ണീര്‍പന്തലുകള്‍ ഒരുക്കാം: യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി കുടിവെള്ളവും തണലും ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍ എന്നിവര്‍ മുന്നോട്ട് വരണം.
ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാല്‍ അവരെ ഉടന്‍ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാന്‍ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.
പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.