
ന്യൂദല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ നവംബര്‍ 30, ഡിസംബര്‍ 1, 2, 3 തീയതികളില്‍ സഭയിലുണ്ടാകണമെന്നും പാര്‍ട്ടി നിലപാടിനെ പിന്തുണക്കണമെന്നും ആവശ്യപ്പെട്ട് എംപിമാര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്‍കി. വിദേശത്തുള്ള എംപിമാര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍ ദുബായില്‍ ചികിത്സയിലുള്ള കെ സുധാകരന്‍ ഐസിയുവിലാണെന്ന് കുടുംബം വ്യക്തമാക്കി. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ഏഴാം നിലയിലെ മുറിയില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയിരിക്കയാണെന്നും ബന്ധുക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആലോചിക്കുന്നതിനിടെയാണ് ഐസിയുവിലേക്കു മാറ്റേണ്ടിവന്നത്. ആശുപത്രി മാറ്റണമെങ്കില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ആകാമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഐസിയുവിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് മരുമകന്‍ അജിത് കുമാറും കോണ്‍ഗ്രസ് നേതാക്കളും സംശയിക്കുന്നു.