
തിരുവനന്തപുരം: യുഡിഎഫില്‍ കേരളത്തിലെ പ്രബല സമുദായമായ ഈഴവരെ അവഗണിക്കുന്നതായി പരാതി. ഒമ്പത് എംഎല്‍എമാരുണ്ടായിട്ടും ഈഴവസമുദായത്തില്‍ നിന്നും ഇതുവരെ രണ്ട് മന്ത്രിമാരെ മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അതില്‍ ഒരാള്‍ എം. ലിജുവാണെങ്കില്‍ രണ്ടാമത്തെയാള്‍ ബിന്ദു കൃഷ്ണയാണ്. മറ്റ് ഏഴ് പേരെ ഒഴിച്ചുനിര്‍ത്തിയിരിക്കുകയാണ്. സമുദായത്തില്‍ നിന്നു തന്നെയാണ് ഈ പരാതി ഉയരുന്നത്. ദീപക് ജോയി, നാട്ടകം സുരേഷ്, സേനാപതി വേണു, ഒ.ജെ. ജനീഷ്, സുമേഷ് അച്യുതന്‍, ജയന്ത്, വിദ്യാ ബാലകൃഷ്ണന്‍എന്നിവരാണ് ഈഴവ സമുദായത്തില്‍ നിന്നുള്ള മറ്റ് എംഎല്‍എമാര്‍.
സിഎംപിയുടെ പേരില്‍ ജയിച്ച സിപി ജോണ്‍ ന്യൂനപക്ഷ സമുദായവോട്ടുകള്‍ ഏകോപിപ്പിച്ചാണ് ജയിച്ചത്. ഇതിന് പിന്നില്‍ ഒരു സമുദായം ചരട് വലിച്ചിട്ടുണ്ട്. ആ വിലപേശലില്‍ വളരെ എളുപ്പത്തില്‍ സിപി ജോണിന് അഞ്ച് വര്‍ഷക്കാലത്തെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പറയുന്നു.
മുസ്ലിം ലീഗ് 22 എംഎല്‍എമാരുടെ ബലത്തില്‍ കയ്യടക്കിയത് അഞ്ച് മന്ത്രിസ്ഥാനമാണ്. ജോസഫ് ഗ്രൂപ്പ് പോലും രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി വാദിക്കുമ്പോഴാണ് കേരളത്തില്‍ ആകെ മൂന്നരക്കോടി ജനങ്ങളില്‍ ഒരു കോടി അംഗബലമുള്ള ഈ സമുദായത്തെ അവഗണിക്കുന്നത്.