• Mon. Nov 16th, 2026

24×7 Live News

Apdin News

സയ്യദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ മഹാരാഷ്‌ട്രയെ 94 റൺസിന് തകർത്ത് കേരളം, അഞ്ച് വിക്കറ്റ് നേട്ടവുമായി എം ഡി നിധീഷ്

Byadmin

Nov 16, 2026



 

ന്യൂ ചണ്ഡീഗഢ്: സയ്ദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റിൽ കരുത്തരായ മഹാരാഷ്‌ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം. 94 റൺസിനാണ് കേരളം മഹാരാഷ്‌ട്രയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്‌ട്ര 16 ഓവറിൽ 117 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ സഞ്ജു സാംസന്റെയും രോഹൻ കുന്നുമ്മലിന്റെയും തകർപ്പൻ ബാറ്റിങ്ങും എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. എം ഡി നിധീഷാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് മുഹമ്മദ് അസറുദ്ദീന്റെ (1) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തകർപ്പൻ ഫോമിലായിരുന്ന രോഹൻ കുന്നുമ്മലിന്റെ ഇന്നിങ്സ് തുണയായി. രോഹനും അഹ്മദ് ഇമ്രാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. 13 റൺസെടുത്ത അഹ്മദ് ഇമ്രാൻ വിക്കി ഓസ്വാളിന്റെ പന്തിൽ പുറത്തായി. തുടർന്ന് ഒത്തുചേർന്ന സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് 26 പന്തുകളിൽ 66 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ പന്തിൽ തന്നെ പ്രശാന്ത് സോളങ്കിയെ ബൗണ്ടറി കടത്തിയാണ് സഞ്ജു സ്കോറിംഗിന് തുടക്കമിട്ടത്. സോളങ്കിയുടെ അടുത്ത ഓവറിൽ തുടരെ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയ സഞ്ജു, തനയ് സാംഘ്വിയുടെ ഓവറിൽ തുടരെ മൂന്ന് സിക്സുകൾ നേടി. 16 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 47 റൺസെടുത്ത സഞ്ജു, വിക്കി ഓസ്വാളിന്റെ പന്തിലാണ് പുറത്തായത്. മറുവശത്ത് ബാറ്റിങ് തുടർന്ന രോഹൻ 47 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സുമടക്കം 75 റൺസ് നേടി. സഞ്ജു – രോഹൻ കൂട്ടുകെട്ടിന്റെ തകർപ്പൻ ബാറ്റിങ്ങിനൊപ്പം അവസാന ഓവറുകളിൽ സൽമാൻ നിസാറിന്റെ വെടിക്കെട്ട് ഷോട്ടുകൾ കൂടി ചേർന്നതോടെയാണ് കേരളത്തിന്റെ സ്കോർ 211ൽ എത്തിയത്. സൽമാൻ നിസാർ 13 പന്തുകളിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 29 റൺസുമായി പുറത്താകാതെ നിന്നു. മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി മുകേഷ് ചൗധരി മൂന്നും വിക്കി ഓസ്വാൾ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്‌ട്രയുടെ ബാറ്റിങ് നിര എം.ഡി. നിധീഷിന്റെ ഉജ്ജ്വല ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് മഹാരാഷ്‌ട്ര ക്യാപ്റ്റൻ പൃഥ്വി ഷാ തുടക്കമിട്ടത്. എന്നാൽ ഓവറിലെ മൂന്നാം പന്തിൽ പൃഥ്വിയെ (6) നിധീഷ്, ഗോവിന്ദ് ദേവ് പൈയുടെ കൈകളിലെത്തിച്ചു. അഞ്ച് റൺസെടുത്ത ആർഷിൻ കുൽക്കർണ്ണി കെ.എം. ആസിഫിന്റെ പന്തിൽ പുറത്തായി. തൊട്ടടുത്ത ഓവറിൽ തുടരെയുള്ള പന്തുകളിൽ രാഹുൽ ത്രിപാഠിയെയും കിരൺ ചോർമാലെയെയും പുറത്താക്കി നിധീഷ് ആഞ്ഞടിച്ചതോടെ കളിയുടെ നിയന്ത്രണം കേരളത്തിന്റെ കൈകളിലായി. തുടർന്ന് സൂരജ് ഷിൻഡയെയും മുകേഷ് ചൗധരിയെയും കൂടി പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചു. 21 പന്തുകളിൽ 28 റൺസെടുത്ത രാമകൃഷ്ണ ഘോഷും 14 പന്തുകളിൽ 23 റൺസെടുത്ത പ്രശാന്ത് സോളങ്കിയും മാത്രമാണ് മഹാരാഷ്‌ട്ര നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പുറമെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബിജു നാരായണനും കേരള ബൗളിങ് നിരയിൽ തിളങ്ങി.

By admin