രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ദയനീയ അവസ്ഥ മറച്ചുവെക്കാനും പൊതുജന പരിശോധന തടയാനുമായി വിവാദ ഉത്തരവിറക്കിയതിനെതിരെ വന്‍ പ്രതിഷേധം. കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച ‘സ്‌കൂള്‍ ഠീക് കരോ’ (സ്‌കൂളുകള്‍ നന്നാക്കൂ) പ്രചാരണത്തിന് തൊട്ടുപിന്നാലെയാണ് സ്‌കൂളുകളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചും ചിത്രീകരണങ്ങളും അഭിമുഖങ്ങളും വിലക്കിയും ബി.ജെ.പി ഭരണകൂടം ഉത്തരവിറക്കിയത്.
സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടര്‍ ലളിത് കുമാര്‍ ഓഗസ്റ്റ് 16-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, പ്രിന്‍സിപ്പലിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ആര്‍ക്കും സ്‌കൂളില്‍ പ്രവേശിക്കാനാകില്ല. അനുമതി ലഭിച്ചവര്‍ക്ക് പോലും ക്ലാസ് റൂമുകള്‍, ടോയ്‌ലറ്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ഭീഷണിയുണ്ട്.
സര്‍ക്കാറിന്റെ നടപടി ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും ‘തുഗ്ലക് പരിഷ്‌കാരവും’ ആണെന്ന് ഭീം ആര്‍മി തലവനും എം.പിയുമായ ചന്ദ്രശേഖര്‍ ആസാദ് കുറ്റപ്പെടുത്തി. കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും വാദിക്കുന്ന സര്‍ക്കാര്‍, തകര്‍ന്നു വീഴാറായ സ്‌കൂള്‍ കെട്ടിടങ്ങളെക്കുറിച്ചും വാതിലുകളില്ലാത്ത ടോയ്‌ലറ്റുകളെക്കുറിച്ചും എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
വിദ്യാലയങ്ങളുടെ ദയനീയ സ്ഥിതി പുറത്തുകൊണ്ടുവരുമെന്ന് ഇഖജ കോ-കണ്‍വീനര്‍ അശുതോഷ് റങ്ക വ്യക്തമാക്കി. ‘ബി.ജെ.പി സര്‍ക്കാറിന് വേണമെങ്കില്‍ മുന്‍കൂട്ടി എഫ്.ഐ.ആര്‍ ഇടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാം. എന്നാല്‍ രാജസ്ഥാനിലെ സ്‌കൂളുകള്‍ നന്നാക്കുന്നത് വരെ ഞങ്ങളുടെ പരിശോധന തുടരും,’ എന്ന് അദ്ദേഹം വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിനെ വെല്ലുവിളിച്ചു.
ജയ്പൂര്‍, അജ്മീര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ നിരവധി ജില്ലകളില്‍ നിന്നാണ് തകര്‍ന്ന സ്‌കൂളുകളെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് പകരം അഴിമതിയും വീഴ്ചകളും പുറത്തറിയാതിരിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്ന ബി.ജെ.പിയുടെ നടപടിക്കെതിരെ ജനരോഷം ശക്തമാകുകയാണ്.