നാം നിത്യേന ഉപയോഗിക്കുന്ന സവാളയിലും ചെറിയ ഉള്ളിയിലും കറുത്ത കരി പറ്റിപ്പിടിച്ചത് പോലെ പാടുകൾ കാണാറുണ്ടോ?
വെള്ളത്തിൽ കഴുകിയോ ഉരച്ചോ കളയാൻ ശ്രമിച്ചിട്ടും മായാത്ത ഈ പാടുകൾ വെറുമൊരു അഴുക്കാണെന്നു കരുതി നിങ്ങൾ അവഗണിക്കാറുണ്ടോ? എങ്കിൽ ഉടൻ സൂക്ഷിക്കുക.
ഇത് സാധാരണ മണ്ണോ അഴുക്കോ അല്ല, മറിച്ച് ആരോഗ്യത്തിന് ഹാനികരമായ ഒരുതരം ഫംഗസ് ബാധയാണ്.
എന്താണ് ഈ കറുത്ത പാടുകൾ?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ (USDA) ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്പെക്ഷൻ സർവീസ് നൽകുന്ന വിവരപ്രകാരം, സസ്യങ്ങളിലും ജന്തുക്കളിലും വളരുന്ന സൂക്ഷ്മ ഫംഗസുകളാണ് പൂപ്പലുകൾ.
ഉള്ളിയിൽ കാണപ്പെടുന്ന ഇത്തരം കറുത്ത പാടുകൾക്ക് പിന്നിൽ ‘അസ്‌പെർഗില്ലസ് നൈഗർ’ (Aspergillus niger) എന്ന ഫംഗസാണ് വില്ലനാകുന്നത്.
മണ്ണിൽ സ്വാഭാവികമായി കാണപ്പെടുന്ന ഈ ഫംഗസ്, വിളവെടുപ്പിന് ശേഷമോ സംഭരണ വേളയിലോ ആണ് ഉള്ളിയെ ബാധിക്കുന്നത്.
കാഴ്ചയിൽ കരിപൊടി പോലെ തോന്നുമെങ്കിലും, ഇത് സൂക്ഷ്മമായ നൂൽപോലെയുള്ള ഘടനകളുള്ള ഫംഗസ് കോളനികളാണ്. വായു, വെള്ളം, പ്രാണികൾ എന്നിവ വഴി പടരുന്ന ‘സ്പോറുകൾ’ ആണ് ഇതിന് കറുത്ത നിറം നൽകുന്നത്.
നമ്മൾ കാണുന്ന ഈ പാടുകൾ പൂപ്പലിന്റെ ഉപരിതല വളർച്ച മാത്രമാണ്. ഇതിന്റെ വേരുകൾ പോലെ നേർത്ത ഭാഗങ്ങൾ ഉള്ളിക്ക് ഉള്ളിലേക്ക് ആഴത്തിൽ പടർന്നിട്ടുണ്ടാകാം എന്നതാണ് പ്രധാന വെല്ലുവിളി.
ഭക്ഷണത്തിൽ പൂപ്പൽ കലർന്നാലുള്ള അപകടങ്ങൾ
കറുത്ത പാടുകളുള്ള ഉള്ളി കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, അവ മൂക്കിനടുത്ത് കൊണ്ടുവന്ന് മണത്തുനോക്കരുത് എന്നതാണ്.
ഉള്ളിയിലെ പൂപ്പൽ സ്പോറുകൾ ശ്വസിക്കുന്നത് ശ്വസനസംബന്ധമായ ഗുരുതരമായ ബുദ്ധിമുട്ടുകൾക്കും അലർജികൾക്കും കാരണമാകും.
ചിലയിനം അസ്‌പെർഗില്ലസ് ഫംഗസുകൾ ‘മൈക്കോടോക്സിൻ’ എന്ന വിഷവസ്തുക്കൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളവയാണ്.
പ്രതിരോധശേഷി കുറഞ്ഞവരിലും, ആസ്ത്മയോ മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ളവരിലും ഇത് കടുത്ത അലർജിക്കും അണുബാധയ്ക്കും വഴിവെക്കും.
കൂടാതെ, പൂപ്പൽ ബാധിച്ച ഉള്ളി മറ്റ് പച്ചക്കറികൾക്കൊപ്പം സൂക്ഷിച്ചാൽ അവയിലേക്കും ഇത് അതിവേഗം പടരാൻ സാധ്യതയുണ്ട്.
ഈ ഉള്ളി കളയണോ അതോ ഉപയോഗിക്കാമോ?
പൂപ്പൽ ബാധ ഉള്ളിയുടെ പുറമെയുള്ള ഉണങ്ങിയ തൊലിപ്പുറത്ത് മാത്രമാണുള്ളതെങ്കിൽ, ഉള്ളി അമർത്തുമ്പോൾ നല്ല ഉറപ്പുള്ളതാണെങ്കിൽ അത് സുരക്ഷിതമായി ഉപയോഗിക്കാം.
ഇതിനായി കറുത്ത പാടുകളുള്ള പുറംതൊലി പൂർണമായി പൊളിച്ചുകളയുക.ശേഷം ഉള്ളി തണുത്ത വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക.
ഉപയോഗിച്ച കട്ടിങ് ബോർഡും കൈകളും സോപ്പ് ഉപയോഗിച്ച് കഴുകാനും പ്രത്യേകം ശ്രദ്ധിക്കണം.
അതേസമയം, ഉള്ളിയുടെ ഉള്ളിലെ മാംസളമായ പാളികളിലേക്ക് കറുത്ത പാടുകൾ പടർന്നിട്ടുണ്ടെങ്കിലോ, ഉള്ളി ചീഞ്ഞ അവസ്‌ഥയിലോ ദുർഗന്ധം വമിക്കുന്നതാണെങ്കിലോ അത് യാതൊരു കാരണവശാലും ഉപയോഗിക്കരുത്.
ഇത്തരം സാഹചര്യങ്ങളിൽ പൂപ്പലുള്ള ഭാഗം മാത്രം മുറിച്ചുകളഞ്ഞ് ബാക്കി ഉപയോഗിക്കുന്ന രീതി തികച്ചും തെറ്റാണ്.
ഫംഗസിന്റെ നേർത്ത വേരുകൾ ഉള്ളിയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇതിനകം പടർന്നിട്ടുണ്ടാകും.
പൂപ്പൽ വളർച്ച തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചൂടും ഈർപ്പവുമുള്ള സാഹചര്യങ്ങളിലാണ് പൂപ്പൽ പ്രധാനമായും വളരുന്നത്. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
ഉള്ളി എപ്പോഴും നന്നായി വായുസഞ്ചാരമുള്ള, ഈർപ്പമില്ലാത്ത തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക. ഒരിക്കലും പ്ലാസ്റ്റിക് കവറുകളിൽ അടച്ചുവെക്കരുത്.
ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഉരുളക്കിഴങ്ങ് പുറത്തുവിടുന്ന ഈർപ്പവും വാതകങ്ങളും ഉള്ളി വേഗത്തിൽ ചീഞ്ഞുപോകാനും പൂപ്പൽ പിടിക്കാനും കാരണമാകും.
തൊലി കളയാത്ത ഉള്ളി ഫ്രിഡ്ജിൽ വെക്കുന്നത് അവയിലെ ഈർപ്പം വർദ്ധിപ്പിക്കുകയും പൂപ്പൽ വളർച്ച വേഗത്തിലാക്കുകയും ചെയ്യും.
എന്നാൽ തൊലി കളഞ്ഞ് മുറിച്ച ഉള്ളി എയർടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
പൂപ്പൽ ബാധിച്ച ഉള്ളി കണ്ടാൽ അത് ഉടൻ മാറ്റി വയ്ക്കുക. അത് സൂക്ഷിച്ചിരുന്ന കുട്ടയോ റാക്കോ നന്നായി കഴുകി ഉണക്കിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.