• Thu. Apr 30th, 2026

24×7 Live News

Apdin News

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Byadmin

Apr 30, 2026


കടയ്‌ക്കാവൂര്‍ (തിരുവനന്തപുരം): മഹാകവി കുമാരനാശാന്‍ പിറന്ന വീട് നിലനിന്ന കായിക്കരയിലെ മണ്ണില്‍ മത്സ്യ മാര്‍ക്കറ്റ് തുടങ്ങുന്നു. അദ്ദേഹം ജനിച്ച തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്താണ് സ്വകാര്യ മത്സ്യമാര്‍ക്കറ്റ് തുടങ്ങാന്‍ മാമ്പള്ളി പള്ളി എന്ന ക്രിസ്തീയ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നീക്കം. അഞ്ചുതെങ്ങ് പഞ്ചായത്തധികൃതരുടെ അനുവാദത്തോടെ മഹാകവിയെ അപമാനിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. കൈയേറിയ സ്ഥലത്ത് കൃത്യമായ ഉടമസ്ഥാവകാശ രേഖകളില്ലാതെ കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി നല്കിയതിനു പിന്നില്‍ അഴിമതിയുള്ളതായും ആരോപണമുണ്ട്. കടല്‍ത്തീരത്തുനിന്ന് മീന്‍ ഇവിടെയെത്തിച്ച് ലേലം ചെയ്യാനാണ് നീക്കം.

തുറയില്‍ അടുക്കുന്ന മത്സ്യയാനങ്ങള്‍ക്ക് ഒരു കുട്ട മീനിന് 40 രൂപ എന്ന നിരക്കില്‍ അഞ്ചുതെങ്ങ് വലിയ പള്ളി അനധികൃത ചുങ്കം പിരിക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതിലൂടെ പ്രതിദിനം വന്‍തുകയാണ് പിരിച്ചെടുക്കുന്നത്. മാമ്പള്ളിയുടെ ഭാഗത്തുള്ളവര്‍ വരെ കപ്പം കൊടുത്താണ് മീന്‍ പിടിക്കുന്നത്. തുറയിലെ രണ്ടുപള്ളികള്‍ക്കായി കിട്ടുന്ന വരുമാനത്തിന് പകരം തങ്ങള്‍ക്ക് മറ്റൊരു വരുമാനമാര്‍ഗം കണ്ടെത്താനാണ് ഇവിടെ ചന്ത തുടങ്ങുന്നത്. അനധികൃത മത്സ്യമാര്‍ക്കറ്റിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്കിയിട്ടും നിര്‍മാണം തടയാന്‍ തയാറായിട്ടില്ല. വലിയ ലോറികളില്‍ മീന്‍ കൊണ്ടുവരുന്നതിന് റോഡും തയാറാക്കി കഴിഞ്ഞു. കൃത്യമായ അവകാശരേഖകളോ പോക്കുവരവോ ചെയ്തിട്ടില്ലാത്ത വസ്തുവില്‍ കെട്ടിടനിര്‍മാണത്തിന് അനുവാദം നല്‍കിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

തൊമ്മന്‍വിളാകം തറവാട്ടില്‍ ഒടുവില്‍ താമസിച്ചിരുന്നത് കുമാരനാശാന്റെ അമ്മയുടെ അനുജത്തിയാണ്. മക്കളില്ലാത്ത അവരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ചില ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയതോടെ തറവാട് നോക്കാനാളില്ലാതെ തകരുകയും ചിലര്‍ കൈയേറുകയുമായിരുന്നു. തറവാടിരുന്ന ഭാഗം ഇപ്പോള്‍ പള്ളിപ്പുരയിടം എന്നാണ് അറിയപ്പെടുന്നത്. രണ്ടേക്കറോളം വസ്തുവിലെ മറ്റ് ഭാഗങ്ങള്‍ ഓരോ കാലത്തായി അവകാശികളായവര്‍ പലര്‍ക്കായി വിറ്റു. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കുമാരനാശാന്‍ ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ തറവാടിരുന്ന സ്ഥലത്ത് പുഷ്പാഞ്ജലി നടത്തിയ ശേഷമാണ് ആഘോഷ പരിപാടികള്‍ക്ക് പതാക ഉയര്‍ത്തിയിരുന്നത്. നോക്കാനാളില്ലാതെ കിടന്ന വസ്തു വര്‍ഷങ്ങള്‍ക്കുമുമ്പ് പലരും കൈയേറി.

കുമാരനാശാനെ സ്‌നേഹിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഇവിടെ മത്സ്യമാര്‍ക്കറ്റ് തുടങ്ങുന്നത്. സംസ്ഥാന സര്‍ക്കാരും സാംസ്‌കാരിക കേരളവും മുന്‍കൈയെടുത്ത് മഹാകവി പിറന്നുവീണ മണ്ണ് സംരക്ഷിക്കണമെന്നും ഉചിതമായ സ്മാരകം പണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



By admin