• Sat. Sep 5th, 2026

24×7 Live News

Apdin News

സാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി

Byadmin

Sep 5, 2026


കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി. ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടെക്കോണ്‍ 26ന്റെ ഭാഗമായി കാക്കനാട് കിന്‍ഫ്രയില്‍ എഐ സ്മാര്‍ട്ട് വില്ലേജ് സെമിനാറും പാനല്‍ ഡിസ്‌കഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നവേഷന്‍ മേഖലയിലെ പ്രതിഭകള്‍ക്ക് സര്‍ക്കാര്‍ സാങ്കേതിക സഹായം നല്‍കും. പുതിയ ഇന്നവേഷന്‍സ് മികച്ചതെങ്കില്‍ മാര്‍ക്കറ്റില്‍ ഇറക്കാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് പുറം തിരിഞ്ഞു നില്‍ക്കേണ്ട കാലമല്ലെന്നും എഐ സാങ്കേതിക വിദ്യയിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറേണ്ട കാലമാണിതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വിവര സാങ്കേതിക വിദ്യയോടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടും വിദ്യാര്‍ത്ഥികളും പുതിയ തലമുറയും കാണിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ ആത്മവിശ്വാസം കേരളത്തിന് ആവശ്യമാണ്. ഈ ആത്മവിശ്വാസത്തിലാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. വ്യവസായ രംഗത്തും വിദ്യാഭ്യാസ രംഗത്തും ടെക്‌നോളജി വലിയ മാറ്റങ്ങള്‍ വരുത്തി. പുതിയ തലമുറയില്‍ നിന്നുള്ള ഇന്നവേഷന്‍സ് കൂടുതല്‍ കരുത്തും ഉണര്‍വും നല്‍കും.

സംസ്ഥാനം കുതിച്ചു ചാട്ടത്തിന്റെ പാതയിലാണ്. സെമികണ്ടക്ടര്‍ രംഗത്ത് കേരളം ഏറെ മുന്നോട്ട് പോയി. ഇടക്കാലത്ത് നാം ഒട്ടേറെ പിന്നിലായിരുന്നു. എന്നാല്‍, ഇന്ന് ഏറെ മാറ്റം വന്നു. മിടുക്കരായ കുട്ടികളില്‍ കേരളത്തിന്റെ ഭാവിയെ സര്‍ക്കാര്‍ കാണുന്നു. കഴിഞ്ഞ കാലങ്ങള്‍ പോലയല്ല. ഇതു നമ്മുടെ കാലമാണ്. പുതിയ കുട്ടികളുടെ കാലമാണ്. അവര്‍ സ്വപ്‌നങ്ങള്‍ കാണട്ടെ. അവര്‍ക്കൊപ്പം സര്‍ക്കാര്‍ എന്നും കൂടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാഗത സംഘം ചെയര്‍മാനും ഫിഷറീസ് സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ വി.ഇ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ടെക്‌ഫെഡ് സംസ്ഥാന ചെയര്‍മാന്‍ ജലീല്‍ കാടാമ്പുഴ സ്വാഗതം പറഞ്ഞു. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഡോ. സിയാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ എ.വി നബീല്‍, സംഘാടക സമിതി ഭാരവാഹികളായ അസ്‌ലം വി കെ, സികെ ഷാമിര്‍, അനസ് ചേരുമ്മൂടന്‍, പി.എ മുഹമ്മദ് സാഹിര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എന്‍.വി.സി അഹമ്മദ്, സ്വാഗത സംഘം കണ്‍വീനര്‍ അഷറഫ് മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്നും നാളെയുമായി നടക്കുന്ന വിവിധ സെക്ഷനുകളില്‍ മന്ത്രി എന്‍. ഷംസുദ്ദീന്‍, എംപി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, ഹൈബി ഈഡന്‍, എംഎല്‍എ മാരായ പി. കെ നവാസ്, മുഹമ്മദ് ഷിയാസ്, രമേശ് പിഷാരടി പങ്കെടുക്കും.

By admin